എരമംഗലം കരിങ്കൽ ക്വാറി: പരാതിയുമായി സ്കൂൾ അധികൃതരും
text_fieldsബാലുശ്ശേരി: എരമംഗലം ക്വാറിക്കെതിരെ സമീപവാസിയായ കുടുംബത്തോടൊപ്പം വിദ്യാലയവും മതസ്ഥാപനവും പരാതിയുമായി രംഗത്ത്. ബാലുശ്ശേരി പഞ്ചായത്ത് 13ാം വാർഡിൽ പ്രവർത്തിക്കുന്ന കോക്കല്ലൂർ ഗ്രാനൈറ്റ്സ് ക്വാറിക്കെതിരെയാണ് പരാതി ശക്തമാകുന്നത്. സമീപത്തെ വിദ്യാലയത്തിനും മതസ്ഥാപനത്തിനും പരിസരവാസികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഗ്രീൻവാലി പബ്ലിക് സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. സ്ഫോടനങ്ങളും ഉയർന്ന ശബ്ദവും കാരണം വിദ്യാർഥികൾ ഭീതിയിലാകുന്നതായും പരാതിയിലുണ്ട്. രാവിലെ അഞ്ച് മുതൽ രാത്രി വരെ ഖനനം നടത്തുന്നതും ജനത്തിനും ദുരിതമാകുന്നു. അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ക്വാറിക്കെതിരെ ഇതുവരെ ഉണ്ടായിട്ടില്ല.
നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സമീപവാസിയായ എരമംഗലം അതിരത്തിൽ സരോജിനിയുടെ കുടുംബം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ കഴിഞ്ഞ മാസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. മല മുകളിലെ മണ്ണെടുത്തു മാറ്റിയാണ് ഖനനം തുടരുന്നത്. സ്ഫോടനം കാരണം സമീപത്തെ ഒട്ടുമിക്ക വീടുകളിലെയും ചുമരുകൾ വീണ്ടുകീറിയിട്ടുണ്ട്. സ്കൂളിന്റെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുമരും വിണ്ടുകീറിയിട്ടുണ്ട്. സമീപവാസി കായ കനലാട്ടു കണ്ടി അഷ്റഫിന്റെ കിണറിലെ വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ക്വാറിക്ക് സമീപം താമസിക്കുന്നവരുടെ സമ്മതപത്രം വേണമെന്ന നിബന്ധനയുണ്ടെങ്കിലും തൊട്ട്സമീപത്ത് താമസിക്കുന്ന വയോധികയായ അതിരത്തിൽ കുഴിയിൽ സരോജിനി അമ്മയുടെ സമ്മതപത്രം ഇല്ലാതെയാണ് ക്വാറി പ്രവർത്തനം തുടങ്ങിയതെന്നാണ് ഇവർ പറയുന്നത്. സമ്മതപത്രം വ്യാജ ഒപ്പിട്ട് സമർപ്പിച്ചതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ക്വാറിക്ക് സമീപ പ്രദേശത്താണ് കെ.സി.എ.എൽ.പി സ്കൂൾ, ഗ്രീൻ വാലിപബ്ലിക്ക് സ്ക്കൂൾ, എരമംഗലം ജുമാഅത്ത് പള്ളി എന്നിവ പ്രവർത്തിക്കുന്നത്. ക്വാറി പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി ക്വാറിയുടെ പ്രവേശനവഴിക്കു മുന്നിൽ കഴിഞ്ഞ വർഷം പ്രതിഷേധ സമരവും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.