എരമംഗലം ഉപ്പൂത്തിക്കണ്ടി ക്വാറിയും ക്രഷർ യൂനിറ്റും പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു
text_fieldsബാലുശ്ശേരി: എരമംഗലം ഉപ്പൂത്തിക്കണ്ടി ക്വാറിയും ക്രഷർ യൂനിറ്റും പ്രദേശവാസികൾക്ക് ഭീഷണിയാകുന്നു. ബാലുശ്ശേരി പഞ്ചായത്തിലെ 14ാം വാർഡിൽപ്പെട്ട ഉപ്പൂത്തിക്കണ്ടിയിൽ 2013ൽ ആരംഭിച്ച ക്വാറിക്കു വേണ്ടി ഒരക്കുനി മലയുടെ മുക്കാൽ ഭാഗവും കവർന്നെടുത്തിട്ടുണ്ട്. മലയുടെ മറുഭാഗം നന്മണ്ട പഞ്ചായത്തിൽപ്പെട്ടതാണ്. ഇവിടെ നിരവധി വീടുകളും താമസക്കാരുമുണ്ട്.
മലയുടെ താഴ്വാരത്തായി 2017ൽ ക്രഷർ യൂനിറ്റും ആരംഭിച്ചതോടെ പ്രദേശത്തെ താമസക്കാരുടെ സ്വൈര ജീവിതവും താറുമാറായി. തൊട്ടടുത്ത 13ാം വാർഡിലെ കോമത്ത് ചാലിലെ കോക്കല്ലൂർ ഗ്രാനൈറ്റ് ക്വാറിയിൽ നിന്നും ഉപ്പൂത്തിക്കണ്ടി ജെ ആൻഡ് പി ക്രഷർ യൂനിറ്റിൽ നിന്നുമായി ലോഡ് കണക്കിനു കരിങ്കൽ ലോറികളാണ് പ്രദേശത്തുകൂടി ദിനം പ്രതി കടന്നു പോകുന്നത്.
റോഡുകളെല്ലാം തകർന്നു കുണ്ടും കഴിയുമായ നിലയിലാണ്. സമീപത്തെ കെ.സി.എ.എൽ.പി സ്കൂളിലേക്കും മദ് റസയിലേക്കും കുട്ടികൾക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്.
സമീപത്തെ വീടുകളിലെ ചുമരുകൾ വിണ്ടുകീറിയ നിലയിലാണ്. ക്രഷർ യൂനിറ്റിൽ നിന്നുള്ള പരിസര മലിനീകരണവും താമസക്കാർക്ക് ദുരിതമായിരിക്കയാണ്. ഒരക്കുനി മലയുടെ മുക്കാൽ ഭാഗവും മുറിച്ചെടുത്തതിനാൽ കനത്ത മഴയിൽ ഇവിടെ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്. താഴ്വാരത്തെ ഒട്ടേറെ വീടുകൾക്കും ഇത് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
രണ്ടു ക്വാറികളും ക്രഷർ യൂനിറ്റും നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ഞായർ വൈകീട്ട് പ്രതിഷേധ മാർച്ചും ധർണയും എരമംഗലം കെ.സി.എ.എൽ.പി സ്കൂൾ പരിസരത്തുവെച്ചു നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, കേരള പുഴ സംരക്ഷണ സമിതി സെക്രട്ടറി വി.കെ. രാജൻ എന്നിവർ സംബന്ധിക്കും.
തങ്കമല ക്വാറി; ആശങ്ക വിട്ടൊഴിയാതെ നാട്ടുകാർ
മേപ്പയ്യൂർ: മഴ തകർത്തു പെയ്യുമ്പോൾ തങ്കമല നിവാസികൾക്ക് ഉറക്കമില്ല. ക്വാറി മാഫിയ തകർത്ത തങ്കമലയിൽ പ്രകൃതി ദുരന്തമുണ്ടാകുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. കീഴരിയൂർ, തുറയൂർ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള തങ്കമലയിൽ വഗാഡ് ഗ്രൂപ് ആണ് കരിങ്കൽ ക്വാറിയും ക്രഷറുകളും നടത്തുന്നത്.
അനധികൃതമായാണ് പ്രവർത്തനമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. അമിതമായ തോതിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതുമൂലം പ്രദേശത്ത് ഭൂമി കുലുക്കമുണ്ടാകുന്നതായും 50 മീറ്റർ അകലെ താമസിക്കുന്ന കുടുംബത്തിന് വീടൊഴിയേണ്ടി വന്നതായും നാട്ടുകാർ പരാതിപ്പെട്ടു.
കീഴരിയൂർ പഞ്ചായത്തിലാണ് ക്വാറി പ്രവർത്തിക്കുന്നത്. 40 മീറ്ററോളം ആഴമേറിയ ക്വാറിയിൽ നിബന്ധന മറികടന്ന് മഴക്കാലത്തും പാറപൊട്ടിക്കൽ തുടരുകയാണ്. ക്വാറിയിലെ മലിനജലം പമ്പുചെയ്ത് സമീപ പ്രദേശത്തേക്ക് ഒഴുക്കുന്നതും സമീപവാസികൾക്ക് ദുരിതമാവുകയാണ്. തൊട്ടടുത്ത് തുറയൂർ പഞ്ചായത്തിലാണ് കൂറ്റൻ ക്രഷറുകൾ പ്രവൃത്തിക്കുന്നത്.
പൊടിപടലങ്ങളും മഴക്കാലത്ത് കുത്തിയൊലിക്കുന്ന എം സാന്റും സമീപത്തെ കിണറുകളെ മലിനമാക്കുന്നതായും പരാതിയുണ്ട്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഇവിടെ ക്രഷറുകൾ പ്രവർത്തിക്കുന്നത്. സമീപവാസികളുടെ ആശങ്ക പരിഹരിക്കണമെന്ന് സ്ഥലം സന്ദർശിച്ച ടി.പി. രാമകൃഷ്ണൻ എം.എൽ.എ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയും പരാതികളും പരിഹരിക്കുന്നതിന് ജില്ല കലക്ടർ ഉൾപ്പെടെയുള്ള ഉന്നത തല സംഘം തങ്കമല സന്ദർശിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. തുറയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. നിർമല, സി.പി.എം ലോക്കൽ സെക്രട്ടറി മാരായ സുനിൽ, കെ.ടി. രാഘവൻ എന്നിവരും ടി.പിയെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.