ടെലിഗ്രാം ആപ് വഴി തട്ടിപ്പ്; വീട്ടമ്മക്ക് 2.44 ലക്ഷം രൂപ നഷ്ടമായി
text_fieldsബാലുശ്ശേരി: ടെലിഗ്രാം ആപ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി വീട്ടമ്മക്ക് 2.44 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. തട്ടിപ്പിനിരയായ ചീക്കിലോട് സ്വദേശി പ്രവീൺകുമാറിന്റെ ഭാര്യ എലത്തുക്കണ്ടി വി.വി. ജിൻഷ ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാർച്ച് മൂന്നിന് നൈറ്റ് ഹോക്ക് സിനിമ എന്ന ടെലിഗ്രാം അക്കൗണ്ട് പ്ലാറ്റ്ഫോമിലൂടെ വർക്ക് അറ്റ് ഹോം ജോലി നൽകിയാണ് കബളിപ്പിക്കൽ തുടങ്ങിയത്. ആദ്യം യുവതിക്ക് ഒരു ടാസ്ക് കൊടുക്കുകയും ഇത് വിജയകരമായി പൂർത്തിയാക്കി എന്നറിയിച്ച് ‘ലാഭവിഹിത’മായ 1077 രൂപ ജിൻഷയുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് രണ്ടാമത്തെ ടാസ്ക് കൊടുക്കുകയും 11,000 രൂപ അയക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പണം അടച്ച അതേദിവസം തന്നെ ജിൻഷയുടെ അക്കൗണ്ടിലേക്ക് 18,000 രൂപ അവർ തിരിച്ചയച്ചു. അടുത്ത ദിവസം വീണ്ടും 11,000 രൂപ അയക്കാൻ പറഞ്ഞു. അയച്ചശേഷം മറുപടി വന്നത് ഇനി ലാഭവിഹിതം കിട്ടണമെങ്കിൽ 26,351 രൂപകൂടി അയക്കണമെന്നായിരുന്നു. ഇതനുസരിച്ച് തുക അയക്കുകയും ചെയ്തു.
തുടർന്ന് സാങ്കേതിക തകരാർ ആണെന്നും 50,000 രൂപ കൂടി അയക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും മെസേജ് വന്നു. അടച്ച തുകയും ലാഭവിഹിതവും കിട്ടാൻ വീണ്ടും 50,000 രൂപ കൂടി അയക്കാൻ പറഞ്ഞു. അങ്ങനെ പലതവണയായി മാർച്ച് 31നും ഏപ്രിൽ അഞ്ചിനും ഇടയിൽ ഇവർക്ക് നഷ്ടമായത് 2,44,364 രൂപയാണ്. ഓരോ തവണയും വ്യത്യസ്ത അക്കൗണ്ടുകൾ വഴിയാണ് പണം അയക്കുന്നത്. താൻ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. ബാലുശ്ശേരി സി.ഐ മഹേഷ് കണ്ടമേത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
നിരവധി ആളുകൾ ഓൺലൈൻ വഴിയും മറ്റും ചതിക്കുഴിയിൽ വീഴുന്നുണ്ടെന്നും ഇവർ ഉടനെ സൈബർ കോർട്ടിന്റെ ടോൾ ഫ്രീ നമ്പറായ 1930ൽ പരാതി നൽകിയാൽ അക്കൗണ്ടിലെത്തിയ പണം ഹോൾഡ് ചെയ്യാൻ സാധിക്കുമെന്നും സി.ഐ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.