വീൽചെയറിൽനിന്ന് വിവാഹത്തിലേക്ക്; ലയജക്ക് വിവാഹവസ്ത്രങ്ങൾ സമ്മാനിച്ച് ബാലതാരങ്ങൾ
text_fieldsബാലുശ്ശേരി: ഒന്നരവയസ്സിൽ പോളിയോ ബാധിച്ച് വീൽചെയറിലായ തലയാട് സ്വദേശി ലയജക്കും വീഴ്ചയിൽ ശരീരം തളർന്ന ഇടുക്കിയിലെ സിജി ജോസഫിനും വിവാഹനാളിൽ അണിയാനുള്ള വസ്ത്രങ്ങൾ സമ്മാനിച്ച് ‘ക്ലാസ് ബൈ എ സോൾജിയർ’ സിനിമയിലെ ബാലതാരങ്ങളായ എസ്. ധനലക്ഷ്മിയും മാധവും. ഞായറാഴ്ച വൈകീട്ട് തലയാട് പാരിഷ്ഹാളിൽ നടന്ന സുഹൃദ് സൽക്കാരത്തിലായിരുന്നു വസ്ത്രം കൈമാറിയത്.
അടിമാലി മാങ്കുളം സ്വദേശി സിജി ജോസഫിന് (47) മരത്തിൽനിന്ന് വീണാണ് ശരീരം തളർന്നത്. വർഷങ്ങളുടെ ചികിത്സക്കുശേഷം കാലിഫറിന്റെയും വാക്കറിന്റെയും സഹായത്തോടെ ഏതാനും ചുവടുവെക്കാവുന്ന നിലയിലെത്തി. ഒന്നരവയസ്സിൽ പിടികൂടിയ പോളിയോ മൂലമാണ് തലയാട് സ്വദേശിനി ലയജയുടെ(44) കാലുകൾ തളർന്നത്.
വീൽചെയറിലിരുന്ന് കുടയും ആഭരണങ്ങളും നെറ്റിപ്പട്ടവും നിർമിച്ചും തയ്യൽ ജോലിചെയ്തും അതിജീവനപ്പോരാട്ടം നയിക്കുകയാണിവർ. തലയാട് 25ാം മൈലിനടുത്ത് കൊല്ലരുകണ്ടി ശ്രീധരൻ-ലീല ദമ്പതികളുടെ മകളാണ് ലയജ. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്മ ലീല. പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്നതാണെങ്കിലും ശാരീരിക പരിമിതിയെ മറികടന്ന് ജീവിതത്തെ സജീവമാക്കി നിർത്തിയിരുന്നു ലയജ.
കഴിഞ്ഞ കോവിഡ് കാലത്ത് ആയിരക്കണക്കിന് മാസ്കുകളാണ് വീട്ടിലിരുന്നുകൊണ്ട് ലയജ തയ്ച്ചിരുന്നത്. ഓൺലൈൻ വഴിയും യുട്യൂബ് വഴിയും മാസ്കുകൾക്ക് നിരവധി ഓർഡറുകളും ലഭിച്ചിരുന്നു. രണ്ടുവർഷം വിശ്രമമില്ലാതെയായിരുന്നു ലയജ ജോലി ചെയ്തത്. കരകൗശല നിർമാണത്തിലും പ്രാവീണ്യം നേടിയിരുന്നു.
സാന്ത്വനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ ‘കൂട്ട’ത്തിലെ അംഗങ്ങളാണ് സിജിയും ലയജയും. ഈ കൂട്ടായ്മയിലെ സൗഹൃദമാണ് ഇരുവരെയും വിവാഹത്തിലേക്കെത്തിച്ചത്. ബാലതാരങ്ങളായ മാധവും ധനലക്ഷ്മിയും അഭിനയിക്കുന്ന ‘ക്ലാസ് ബൈ എ സോൾജിയർ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൂട്ടം ഫേസ്ബുക്ക് കൂട്ടായ്മയിലെ പ്രവർത്തകരെ ഇവർ പരിചയപ്പെട്ടിരുന്നു.
ഇതാണ് ലയജയുടെയും സിജിയുടെയും ജീവിതത്തിനൊപ്പം നിൽക്കാൻ മാധവിനും ധനലഷ്മിക്കും പ്രേരണയായത്. ഇരുവർക്കും ലഭിച്ച സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം പുരസ്കാര തുകയിൽനിന്നാണ് കാസർകോട് ചെറുവത്തൂരിലെ സി. ധനലക്ഷ്മിയും ഇടുക്കി അടിമാലിയിലെ മാധവും വധുവരന്മാരുടെ വിവാഹവസ്ത്രങ്ങളും ലയജയുടെ അമ്മക്കുള്ള വസ്ത്രങ്ങളും സമ്മാനിച്ചത്. ഈ മാസം 23ന് ഇടുക്കി പെരുമ്പൻകുത്തിലെ റിവർ ലാൻഡ് റിസോർട്ടിലാണ് ലളിതമായ വിവാഹച്ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.