ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ നാളെ ബസുകൾ കാരുണ്യയാത്ര നടത്തും
text_fieldsബാലുശ്ശേരി: ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ തിങ്കളാഴ്ച സ്വകാര്യബസുകളുടെ സർവിസ് മൂന്നുപേരുടെ ജീവൻ നിലനിർത്താനുള്ള കാരുണ്യയാത്രയാണ്. വൃക്കരോഗം ബാധിച്ച് ചികിത്സയിലുള്ള ബാലുശ്ശേരി സ്വദേശി മുഹമ്മദ് ആഷിഫ്, ചേളന്നൂരിലെ പി.പി. ഷമീർ, ഉണ്ണികുളത്തെ പി.കെ. സത്യൻ എന്നീ യുവാക്കളുടെ ചികിത്സച്ചെലവിലേക്കാണ് ബസുകളുടെ യാത്ര.
ഇരുവൃക്കകൾക്കും രോഗം ബാധിച്ച മുഹമ്മദ് ആഷിഫിന് വൃക്ക മാറ്റിവെച്ചാൽ മാത്രമേ രക്ഷയുള്ളൂ. എന്നാൽ, സത്യനും ഷമീറുമാകട്ടെ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലാണ്. 90 ലക്ഷത്തോളം ചെലവ് വരുന്ന കരൾമാറ്റൽ ശസ്ത്രക്രിയക്ക് മാത്രമേ ഈ യുവാക്കളെ രക്ഷിക്കാനാവൂ.
സത്യന്റെ 17കാരനായ ഏക മകൻ രണ്ടര വർഷങ്ങൾക്ക് മുമ്പ് രക്താർബുദം ബാധിച്ച് മരിച്ചിരുന്നു. മാറാരോഗങ്ങൾ പിടിപെട്ട് നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിൽ ഇവരെ ചേർത്തുപിടിക്കുകയാണ് സുമനസ്സുകളായ നാട്ടുകാരും ബസ് ഓപറേറ്റേഴ്സ് കോഓഡിനേഷൻ കമ്മിറ്റിയും. യുവാക്കളുടെ ചികിത്സയിക്ക് ഒരു ദിവസത്തെ മുഴുവൻ കലക്ഷനും നൽകാമെന്ന് ബസുടമകളും ആദിവസത്തെ മുഴുവൻ വേതനവും നൽകാൻ തൊഴിലാളികളും തയാറാണ്.
21ന് നടക്കുന്ന കാരുണ്യയാത്രയിൽ ബസുടമകളോടും തൊഴിലാളികളോടുമൊപ്പം യാത്രക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളായ ടി.വി. ബാബു (ചെയർ), വിജയൻ നന്മണ്ട (ജന.കൺ), കെ.വി. ലത്തീഫ്, ടി.കെ. ഷമീർ, കെ.വി. അബ്ദുസ്സലാം, വി.കെ. രമേശൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സഹായങ്ങൾ അയക്കേണ്ട Google Pay No. 9847563257.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.