കക്കയം ഡാം സൈറ്റ് ടൂറിസം സെന്റർ അടച്ചിട്ട് രണ്ടുമാസം പിന്നിട്ടു
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റ് ടൂറിസം സെന്റർ അടച്ചിട്ട് രണ്ടുമാസം പിന്നിട്ടെങ്കിലും തുറന്നു പ്രവർത്തിക്കാനുള്ള നടപടി ആയില്ല. ഡാംസൈറ്റ് ഭാഗത്ത് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസവും വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്ററുമാണ് കാട്ടുപോത്തിന്റെ ഭീഷണിയെ തുടർന്നു കഴിഞ്ഞ ജനുവരി 20 മുതൽ അടച്ചിട്ടത്. രണ്ടു ടൂറിസം സെന്ററുകളിലുമായി ഗൈഡുകളായും ടിക്കറ്റ് കൗണ്ടറുകളിലായും 30 ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
രണ്ടു മാസത്തിലധികമായി അടച്ചിട്ടതോടെ ടൂറിസ്റ്റ് ഗൈഡുകളുടെയും മറ്റു ജീവനക്കാരുടെയും ജീവിതം വഴിമുട്ടിയിരിക്കയാണ്. കഴിഞ്ഞ ജനുവരി 20ന് കാട്ടുപോത്ത് ടൂറിസ്റ്റുകളെ ആക്രമിച്ചതിനെതുടർന്നാണ് ഡാം സൈറ്റ് ടൂറിസം സെന്റർ അടച്ചത്. തുറന്നു പ്രവർത്തിക്കാൻ ഒരുങ്ങുമ്പോഴേക്കും മാർച്ച് 5ന് കാട്ടുപോത്ത് ആക്രമണത്തിൽ കർഷകനും മരിച്ചതോടെ സെന്റർ തുറക്കുന്നത് വീണ്ടും നീട്ടുകയായിരുന്നു. ഇതോടെയാണ് ഇക്കോ ടൂറിസം ഗൈഡുകളുടെ ജീവിതം വഴിമുട്ടിയത്. അടച്ചിട്ടതാണെങ്കിലും ഹൈഡൽ ടൂറിസം സെന്ററിലെ ജീവനക്കാർക്ക് ഇപ്പോഴും ശമ്പളം നൽകുന്നുണ്ട്.
2004 മുതൽ കക്കയം വനസംരക്ഷണ സമിതിയുടെ കീഴിൽ ജോലിയിൽ പ്രവേശിച്ച 19 ഗൈഡുകളുടെ വരുമാനമാർഗമാണ് രണ്ടു മാസത്തിലധികമായി സ്തംഭിച്ചത്. 600 രൂപ ദിവസവേതനത്തിൽ മാസത്തിൽ 15 ദിവസമാണ് ഒരു ഗൈഡിന് ജോലി ലഭിച്ചിരുന്നത്.
ഒഴിവു ദിവസങ്ങളിൽ 10 പേരും മറ്റ് ദിവസങ്ങളിൽ 6 പേരുമാണ് ഗൈഡുകളുടെ ഡ്യൂട്ടി ചെയ്തിരുന്നത്. ഇക്കോ ടൂറിസം സെന്റർ വഴി വനം വകുപ്പിന് വർഷങ്ങളായി ലക്ഷങ്ങൾ വരുമാനം ലഭിച്ചിട്ടും ഗൈഡുകളെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.
ഒഴിവുദിവസങ്ങളിൽ വനംവകുപ്പിന് 40000 രൂപവരെ ഇവിടെനിന്ന് ലഭിക്കുന്നുണ്ട്. മറ്റ് ദിവസങ്ങളിൽ 8000 രൂപവരെയും വരുമാനമുണ്ട്.
ഇക്കോ ടൂറിസം സെന്റർ തുറന്നു പ്രവർത്തിക്കാനുള്ള യാതൊരു നടപടിയും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നു പരാതിയുണ്ട്. ഡാംസൈറ്റ് മേഖല വനം വകുപ്പിനു കീഴിൽ വരുന്നതും ഡാം കെ.എസ്.ഇ.ബിക്ക് കീഴിലുമാണ്. കഴിഞ്ഞദിവസം കടുവയെ കണ്ടതായും കെ.എസ്.ഇ.ബി ജീവനക്കാർ അറിയിച്ചിരുന്നു.
വനം വകുപ്പിന്റെ അനുമതി കിട്ടിയാലേ ഡാം സൈറ്റ് ടൂറിസം കേന്ദ്രം ഇനി തുറക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് നിലപാട്. അതുകൊണ്ട് തന്നെ വനംവകുപ്പ് കടുംപിടിത്തം തുടരുകയാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇത് കെ.എസ്.ഇ.ബിയുടെ ഹൈഡൽ ടൂറിസത്തെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ദീർഘകാലമായി ജോലി ചെയ്തുവരുന്ന ഗൈഡുകൾക്ക് റമദാൻ, വിഷു പ്രമാണിച്ചെങ്കിലും ധനസഹായം അനുവദിക്കാൻ വനം വകുപ്പ് തയാറാകണമെന്ന് കക്കയം കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബേബി തെക്കാനത്ത് അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.