കക്കയം അമ്പലക്കുന്ന് കോളനിവാസികൾക്ക് ഇപ്പോഴും കാട്ടരുവിതന്നെ ആശ്രയം
text_fieldsബാലുശ്ശേരി: കക്കയം അമ്പലക്കുന്ന് ആദിവാസി കോളനിയിൽ കുടിവെള്ളം ഇപ്പോഴും കാട്ടരുവിയിൽനിന്നുതന്നെ. കോളനിക്കു സമീപത്തുകൂടി ഒഴുകുന്ന കാട്ടരുവിയിൽനിന്നാണ് മിക്ക കുടുംബങ്ങളും കുടിവെള്ളമെത്തിക്കുന്നത്. കാട്ടരുവിക്ക് സമീപം വനംവകുപ്പ് ചെറിയ കുളം നിർമിച്ചുനൽകിയിട്ടുണ്ടെങ്കിലും ഇതിലെ വെള്ളം ചപ്പുചവറുകൾ വീണ് മലിനമായനിലയിലാണ്. കാട്ടരുവിയിൽ പൈപ്പ് ഇട്ടാണ് വീടുകളിലേക്ക് വെള്ളം എത്തിക്കുന്നത്.
കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളും ഈ കാട്ടരുവിയിൽ വെള്ളം കുടിക്കാനായെത്തുന്നുണ്ട്. കോളനിയിൽ 15ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്ത് കോളനിവാസികൾക്ക് കുടിവെള്ള വിതരണത്തിനായി വലിയ പ്ലാസ്റ്റിക് ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിൽനിന്ന് കുടിവെള്ളം പമ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. പമ്പ് ചെയ്യാനായി മോട്ടോർ സ്ഥാപിച്ചത് സമീപത്തെ വീടിന്റെ കോലായിലാണ്.
മോട്ടോർ പ്രവർത്തിപ്പിച്ചാൽ ഉണ്ടാകുന്ന കുലുക്കം കാരണം വീടിന്റെ ഭിത്തി തകരുന്ന അവസ്ഥയിലാണ്. മാത്രമല്ല, വീട്ടിലെ ബൾബുകളും ഫ്യൂസായിപ്പോകുന്നു. ഇതുകാരണം മോട്ടോർ പ്രവർത്തിക്കാതെയിട്ടിരിക്കുകയാണ്. മോട്ടോർ സ്ഥാപിക്കാനായി പമ്പ് ഹൗസ് നിർമിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ ഗ്രാമപഞ്ചായത്ത് അധികൃതർ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.