കക്കയത്ത് ഉരുൾപൊട്ടി തകർന്ന ഡാം റോഡ് ഭാഗികമായി പുനഃസ്ഥാപിച്ചു
text_fieldsബാലുശ്ശേരി: ഉരുൾപൊട്ടലിൽ തകർന്ന കക്കയം ഡാം സൈറ്റ് റോഡിലെ മണ്ണും കല്ലും നീക്കി റോഡ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പൊതുമരാമത്ത്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തുടരുന്നു. ഞായറാഴ്ച വൈകീട്ടോടെ ഭാഗികമായി റോഡിലെ തടസ്സം നീക്കി. കക്കയം വനമേഖലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്. ഡാം സൈറ്റ് റോഡിൽ മൂന്നാം പാലത്തിനടുത്ത് റോഡിലേക്ക് കൂറ്റൻ പാറക്കല്ലുകളും മണ്ണും വെള്ളവും കുത്തിയൊഴുകിയെത്തിയാണ് റോഡ് തകർന്നത്.
ഗതാഗത തടസ്സം കാരണം രണ്ടു ദിവസമായി ഡാം െസെറ്റ് മേഖലയിൽ ജോലി ചെയ്യുന്ന 20ഓളം കെ.എസ്.ഇ.ബി, വനംവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും അവരുടെ വാഹനങ്ങളും ഇവിടെ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡിൽ കക്കയം വാലി, ബി.വി.സി ഭാഗങ്ങളിലും റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. മണ്ണനാൽ എസ്റ്റേറ്റിനു മുകളിലാണ് കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയത്.
താഴ്വാരത്ത് താമസിക്കുന്ന മണ്ണനാൽ സ്കറിയാച്ചെൻറ വീടും പരിസരവും മണ്ണും കല്ലും ഒഴുകിയെത്തി നശിച്ചു. മണ്ണനാൽ അപ്പച്ചൻ, രാമചന്ദ്രൻ കുന്നുംപുറം, കരുണാകരൻ, ജോൺസൺ എന്നിവരുടെ കുടുംബങ്ങളും ഭീതിയിലാണ്. വനമേഖലയോട് തൊട്ടുള്ള അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങളെ കക്കയം അങ്ങാടിക്കടുത്തുള്ള പാരിഷ് ഹാളിലേക്ക് കഴിഞ്ഞദിവസം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കക്കയം ഭാഗങ്ങളിൽ മഴ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.