കക്കയം ഡാം സൈറ്റ് ഇക്കോ ടൂറിസം സെന്റർ 10ന് തുറക്കും
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഇക്കോ ടൂറിസം സെന്റർ 10ന് തുറക്കും. ഡാം സൈറ്റിലെ ചിൽഡ്രൻസ് പാർക്കിൽ വെച്ച് വിനോദ സഞ്ചാരികളായ അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചതിനെ തുടർന്നു കഴിഞ്ഞ ജനുവരി 20 മുതലാണ് ഇക്കോ ടൂറിസം സെന്റർ അടച്ചുപൂട്ടിയത്.
മാർച്ച് മാസം മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചെങ്കിലും മാർച്ച് അഞ്ചിന് കക്കയം ഡാം സൈറ്റ് റോഡിലെ സ്വന്തം കൃഷിയിടത്തിൽ വെച്ച് കർഷകനായ പാലാട്ടിയിൽ എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയതോടെ ഇക്കോ ടൂറിസം സെന്ററിന് വീണ്ടും പൂട്ടു വീഴുകയായിരുന്നു. കാട്ടുപോത്തിന്റ ഭീഷണി കാരണം ഡാം സൈറ്റിലേക്കുള്ള സന്ദർശനവും നിരോധിച്ചു.
ഇക്കോ ടൂറിസം സെന്റർ അടച്ചിട്ടതോടെ മൂന്നര മാസത്തോളമായി ഇവിടത്തെ താൽക്കാലിക വനംവകുപ്പ് ഗൈഡുകൾ ജോലിയില്ലാത്ത അവസ്ഥയിലായിരുന്നു. മാത്രമല്ല ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന കക്കയത്തെ ടാക്സി-ഓട്ടോ തൊഴിലാളികളും പ്രതിസന്ധിയിലായിരുന്നു.
ഡാം സൈറ്റിൽ കെ.എസ്.ഇ.ബിക്ക് കീഴിലുള്ള ഹൈഡൽ ടൂറിസം സെന്റർ കഴിഞ്ഞ ദിവസം പ്രവർത്തനം ആരംഭിച്ചതോടെ വിനോദ സഞ്ചാരികളുടെ തിരക്കും വർധിച്ചിട്ടുണ്ട്.
ഇക്കോ ടൂറിസം സെന്ററും പ്രവർത്തനം തുടങ്ങുന്നതോടെ വനത്തിനുള്ളിലായുള്ള കക്കയം ഉരക്കുഴി വെള്ളച്ചാട്ടം കാണാനും സഞ്ചാരികൾക്ക് അവസരമാകും. ഇവിടേക്കുള്ള യാത്രക്ക് വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാനും ഇതു സംബന്ധമായി ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത ചർച്ചയിൽ തീരുമാനിച്ചിട്ടുണ്ട്.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസിൽ ചേർന്ന യോഗത്തിൽ കെ.എം. സചിൻ ദേവ് എം.എൽ.എ, പെരുവണ്ണാമൂഴി റേഞ്ച് ഓഫിസർ എൻ. പ്രബീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ സി. വിജിത്ത്, സുനിൽ പാറപ്പുറം, മുജീബ്, സിബി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.