സഞ്ചാരികൾക്ക് ഭീഷണിയായി കക്കയം ഡാം സൈറ്റ് റോഡരികിലെ പാറക്കൂട്ടങ്ങൾ
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റ് റോഡിൽ പാറക്കെട്ടുകൾ അടർന്നുവീഴുന്നതും മലയിടിച്ചിലും ഭീഷണിയാകുന്നു. നിരവധി വിനോദ സഞ്ചാരികൾ വാഹനങ്ങളിൽ വന്നുപോകുന്ന ഡാം സൈറ്റ് റോഡ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായിരിക്കയാണ്. കനത്ത മഴ പെയ്തുകഴിഞ്ഞാൽ പാറക്കെട്ടുകൾ പൊട്ടിവീഴുന്നതും മലയിടിച്ചിൽ സംഭവിക്കുന്നതും സംബന്ധിച്ച് വിശദമായ പഠനം നടത്തി ആവശ്യമായ സുരക്ഷ നടപടികളെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ പത്തു വർഷക്കാലത്തിനിടക്ക് നിരവധി തവണയാണ് ഇവിടെ മലയിടിഞ്ഞ് റോഡടക്കം തകർന്നത്. ഓരോ തവണയും റോഡ് താൽക്കാലികമായി നന്നാക്കി വിടുകയാണ് പതിവ്. എസ്റ്റേറ്റ് മുക്ക് -കക്കയം ഡാം സൈറ്റ് റോഡ് നവീകരണത്തിനായി കിഫ്ബി ഫണ്ടിൽനിന്ന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും റോഡ് പണി എസ്റ്റേറ്റ് മുക്ക് തെച്ചി ഭാഗത്ത് വരെ മാത്രമേ നടന്നിട്ടുള്ളൂ.
ഇക്കഴിഞ്ഞ കനത്ത മഴയിൽ ഡാംസൈറ്റ് റോഡിൽ ബി.വി.സി മേഖലയിലെ 100 മീറ്ററോളം ദൂരത്തിൽ പാതയോരത്തെ ഭീമൻ പാറക്കൂട്ടമാണ് രണ്ടു തവണയായി അടർന്നുവീണത്. കഴിഞ്ഞ ദിവസം പാറ വീണ മേഖലയിൽ വീണ്ടും പാതയിലേക്കു പതിക്കുന്ന വിധത്തിൽ പാറ നിൽക്കുന്നതും അപകട ഭീഷണിയായിരിക്കയാണ്.
മഴ ശക്തമായതിനെ തുടർന്നു കഴിഞ്ഞ ആഴ്ച മുതൽ കക്കയം ടൗൺ- ഡാം സൈറ്റ് റോഡിൽ ഗതാഗതം നിരോധിച്ചിരുന്നു. മഴ കുറഞ്ഞതോടെ നിരോധനം പിൻവലിച്ച് വാഹനങ്ങൾ ഓടാൻ തുടങ്ങിയിട്ടുണ്ട്. ഡാം സൈറ്റ് മേഖലയിലേക്ക് കെ.എസ്.ഇ.ബി, ഹൈഡൽ ടൂറിസം, വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെല്ലാം സ്ഥിരമായി സഞ്ചരിക്കുന്നതും ഈ റോഡിലൂടെയാണ്.
ഡാം സൈറ്റിലെ ടൂറിസം സെന്ററുകൾ തുറക്കുന്നതോടെ സഞ്ചാരികളുടെ തിരക്കും വർധിക്കും. അപകടഭീതിയോടെ സഞ്ചരിക്കേണ്ട അവസ്ഥയിലേക്കാണ് ഡാം സൈറ്റ് റോഡ് എത്തിനിൽക്കുന്നത്. കക്കയം കെ.എസ്.ഇ.ബി പദ്ധതിയുടെ പെൻ സ്റ്റോക്ക് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളതും ഡാം സൈറ്റ് റോഡ് കടന്നുപോകുന്ന മലക്ക് കുറുകെയാണ്. കുത്തനെയുള്ള മലമുകളിൽനിന്ന് മലയോ പാറയോ ഇടിഞ്ഞുവന്നാൽ പെൻസ്റ്റോക്ക് പൈപ്പുകടക്കം അപകടത്തിൽപെടാനും സാധ്യതയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.