കാട് മൂടി കക്കയം ഗവ. എൽ.പി സ്കൂളിനായി നിർമിച്ച കെട്ടിടം
text_fieldsബാലുശ്ശേരി: വിദ്യാർഥികളെ വന്യമൃഗ ഭീഷണിയിൽനിന്ന് മുക്തമാക്കാൻ പുതുതായി പണിത സ്കൂൾ കെട്ടിടം കാട് മൂടിക്കിടക്കുന്നു. കക്കയം ഗവ. എൽ.പി സ്കൂളിനായി എസ്.എസ്.എ ഫണ്ടിൽനിന്ന് 14.40 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിനാണ് ദുരവസ്ഥ.
കക്കയം കെ.എസ്.ഇ.ബി കോളനിക്കു സമീപം കെ.എസ്.ഇ.ബിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്കൂളിനായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്താണ് പൊന്നുംവിലക്ക് സ്ഥലം വാങ്ങിയത്. പഞ്ചായത്ത് 16 ലക്ഷത്തോളം രൂപ ചെലവിൽ വാങ്ങിയ 48.14 സെന്റിലാണ് നിർമാണം.
ചെങ്കുത്തായ സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ എൽ.പി വിദ്യാർഥികൾക്ക് എത്തിപ്പെടൽ ദുഷ്കരമാണ്. മുറ്റത്ത് പാറക്കൂട്ടമാണ്. വെള്ളവും വെളിച്ചവും ശൗചാലയവും ഇവിടെ എത്തിയിട്ടില്ല. ആദിവാസി വിഭാഗത്തിൽപെട്ടവരാണ് ഇവിടെ പഠിക്കുന്നവരിൽ ഏറെയും.
സ്കൂളിനു പിറകിലെ കാട്ടിൽനിന്ന് കാട്ടാനയും കാട്ടുപോത്തും ഏതുസമയത്തും വരാം. സ്കൂളിന്റെ അടുക്കള ഒന്നുരണ്ടു തവണ കാട്ടാന തകർത്തിട്ടുമുണ്ട്.
വന്യമൃഗ ഭീഷണി ഒഴിവാക്കാനാണ് പഞ്ചായത്ത് പുതിയ സ്ഥലം കണ്ടെത്തി കെട്ടിടം പണിതത്. ഇതാകട്ടെ കുട്ടികൾക്ക് എത്തിപ്പെടാൻപോലും പറ്റാത്ത ചെങ്കുത്തായ പാറക്കെട്ടിലുമാണ്. കക്കയത്തെ അമ്പലക്കുന്ന് കോളനിയിൽനിന്ന് മൂന്നു കിലോമീറ്ററോളം ദൂരമുണ്ട് നിലവിലെ കക്കയം എൽ.പി സ്കൂളിലേക്ക്. പുതുതായി നിർമിച്ച കെട്ടിടമുള്ള സ്ഥലത്തേക്ക് അഞ്ച് കിലോമീറ്ററും.
സ്ഥലം വാങ്ങിയതിലും കെട്ടിടം നിർമിച്ചതിലും ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. നടപടിക്രമം പാലിക്കാതെയാണ് സ്ഥലം വാങ്ങിയതെന്നും അനുയോജ്യമായ സ്ഥലം വാങ്ങുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്നും വിദ്യാഭ്യാസ വകുപ്പിലെ ഉന്നതാധികാരികളെ തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിട നിർമാണ ഫണ്ടടക്കം ചെലവാക്കിയിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
പഴയ കെ.എസ്.ഇ.ബി കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തിയാണ് ഈ അധ്യയനവർഷം വരവേൽക്കുന്നത്. ഇവിടെ അടുക്കളയും സ്റ്റോർ റൂമും ജീർണാവസ്ഥയിലാണ്. ശൗചാലയവും തകർന്നനിലയിൽതന്നെ. രണ്ടുമുതൽ നാലുവരെ 18 പേരാണുള്ളത്. പുതുതായി ഒന്നാം ക്ലാസിൽ ആദിവാസി കോളനിയിൽനിന്ന് രണ്ടു കുട്ടികൾ മാത്രമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.