കക്കയം ജലവൈദ്യുതി പദ്ധതി: ഉൽപാദന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം
text_fieldsബാലുശ്ശേരി: കക്കയം ജലവൈദ്യുതി പദ്ധതിയുടെ വൈദ്യുതി ഉൽപാദന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. കക്കയം ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞത് വൈദ്യുതി ഉൽപാദനത്തെ ബാധിച്ചിരുന്നു. ജലനിരപ്പ് താഴ്ന്നതിനാൽ വൈദ്യുതി ഉൽപാദനത്തിൽ 0.2453 ദശലക്ഷം യൂനിറ്റിന്റെ കുറവ് വന്നിരുന്നു.
വയനാട് മേഖലയിൽപെട്ട തരിയോട് ബാണാസുര പ്രദേശത്തു മഴ ലഭ്യത വർധിച്ചതിനാലാണ് ഉൽപാദന പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. ബാണാസുര ഡാമിൽനിന്ന് കക്കയത്തേക്ക് ടണൽ മാർഗം ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഒരു മില്യൻ ക്യുബിക് മീറ്ററായി ഉയർന്നതോടെയാണ് വൈദ്യുതി ഉൽപാദനം വർധിച്ചത്.
കക്കയത്തെ ആറ് മെഷീനുകളിൽ 50 മെഗാവാട്ടിന്റെ മൂന്ന് മെഷീനുകളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ കഴിഞ്ഞ ദിവസം വരെ 0.3 മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നത് ഇന്നലെ 0.6 മില്യൻ യൂനിറ്റായി വർധിച്ചിട്ടുണ്ട്.
കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഇപ്പോഴും കുറവാണ്. ഡാമിൽ വെള്ളം കുറഞ്ഞാൽ ഹൈഡൽ ടൂറിസം ബോട്ട് സർവിസും പ്രതിസന്ധിയിലാകും. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നതിനനുസരിച്ചു ആറ് മെഷീനുകളും പ്രവർത്തനസജ്ജമാകുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.