കരിയാത്തുംപാറ മരണക്കയമാകുന്നു
text_fieldsബാലുശേരി: ജില്ലയിൽ ടൂറിസം കേന്ദ്രങ്ങൾ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു കൊടുത്തതോടെ കക്കയം കരിയാത്തൻപാറ, തോണിക്കടവ് റിസർവോയർ തീരവും വീണ്ടും സജ്ജീവമായെങ്കിലും കഴിഞ്ഞ ദിവസമുണ്ടായ അപകട മരണത്തോടെ കരിയാത്തൻപാറ വീണ്ടും മരണക്കയമായി. കരിയാത്തൻ പാറയിൽ റിസർവോയറിന് നടുക്കുള്ള പാറക്കടവ് മണൽക്കയം ഭാഗത്താണ് വിനോദസഞ്ചാരികൾ ഏറെയും കേന്ദ്രീകരിക്കുന്നത്.
ഇവിടെയുള്ള പാറക്കടവിൽ വെള്ളം കുറവായതിനാൽ നീരാടി രസിക്കാൻ കുടുംബസമേതമാണ് സഞ്ചാരികൾ എത്തുന്നത്. ഒന്നരയാൾ വെള്ളം മാത്രമുള്ള ഇവിടെ അപകടമരണം തുടർക്കഥയാകുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ മുങ്ങിമരണമാണ് ഞായറാഴ്ച സംഭവിച്ചത്. നഗര പ്രദേശങ്ങളിൽനിന്നും വരുന്ന നീന്തലറിയാത്ത സഞ്ചാരികളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. വെള്ളത്തിലിറങ്ങിയ കുട്ടികൾ മുങ്ങി താഴ്ന്നപ്പോൾ അവരെ രക്ഷിക്കാനിറങ്ങിയ മരിച്ച നസിറുദ്ദീൻ വെള്ളത്തിലെ ചുറ്റുകുഴിയിൽ താണുപോകുകയായിരുന്നു. ഒറ്റ നോട്ടത്തിൽ അപകട സാധ്യത തീരെയില്ലെന്ന് തോന്നുമെങ്കിലും പലപ്പോഴും സഞ്ചാരികൾ കൂട്ടത്തോടെ വെള്ളത്തിലിറങ്ങുന്നതാണ് അപകടത്തിനിടയാകുന്നത്.
2018- 19 വർഷത്തിൽ ഇവിടെ ഒമ്പതോളം പേരാണ് മുങ്ങിമരിച്ചത്. കൂരാച്ചുണ്ട് പഞ്ചായത്ത് പാറക്കടവ് ഭാഗത്ത് കമ്പിവേലിയും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വരുന്ന സന്ദർശകർക്ക് ഒരു നിയന്ത്രണവുമുണ്ടാകാറില്ല.
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു ലഭിച്ചതോടെ കരിയാത്തുംപാറയിൽ നൂറുകണക്കിന് സന്ദർശകരാണ് ദിനേനയെന്നോണം എത്തുന്നത്. സന്ദർശകർക്കു കൃത്യമായ വിവരം ലഭിക്കാത്തതാണ് അപകടങ്ങൾ പതിവാകുന്നതെന്ന് നാട്ടുകാർ പറയുന്നത്. നേരത്തേ അമീൻ റെസ്ക്യൂ ടീമംഗങ്ങൾ രക്ഷാപ്രവർത്തനങ്ങളുമായി ഇവിടെ ക്യാമ്പ് ചെയ്തിരുന്നു. കോവിഡ് കാരണം എല്ലാവരും ഒഴിഞ്ഞുപോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.