കോക്കല്ലൂർ സദാചാര ആക്രമണം; പ്രതികൾ ഒളിവിലെന്ന് പൊലീസ്
text_fieldsബാലുശ്ശേരി: സദാചാര ആക്രമണത്തിനെതിരെ കേസ് ചാർജ് ചെയ്തെങ്കിലും പ്രതികൾ ഒളിവിലാണെന്ന് പൊലീസ്. കഴിഞ്ഞ ദിവസം കോക്കല്ലൂർ അങ്ങാടിയിൽ പട്ടാപ്പകൽ നടന്ന സദാചാര ആക്രമണത്തിനെതിരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം ഏഴാളുകളുടെ പേരിൽ ബാലുശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കാണാമറയത്തുള്ള പ്രതികളെ മൂന്നുദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്ത്.
തിങ്കളാഴ്ച വൈകീട്ട് കോക്കല്ലൂരിൽ ബന്ധുവായ സഹോദര യുവാവുമായി വിദ്യാർഥിനി സംസാരിച്ചു നിൽക്കവേ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറഞ്ഞ് യുവാവിനെയും വിദ്യാർഥിനിയെയും മർദിക്കുകയായിരുന്നു.
മർദനത്തിൽ ഇരുവർക്കും പരിക്കേൽക്കുകയുമുണ്ടായി. തുടർന്നു വിദ്യാർഥിനിയുടെ ബന്ധുക്കളെത്തിയാണ് ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.എം. രതീഷ്, വിപിൻലാൽ, കോക്കല്ലൂരിലെ ഓട്ടോഡ്രൈവർ സുഹാസ്, സജി എന്നിവരടക്കം കണ്ടാലറിയാവുന്ന ഏഴാളുടെ പേരിലാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തിട്ടുള്ളത്. ഓട്ടോഡ്രൈവർ സുഹാസ് താക്കോൽകൂട്ടംകൊണ്ട് ക്രൂരമായി മർദിച്ചതിലാണ് യുവാവിന് പരിക്കേറ്റത്. യുവാവിന്റെയും വിദ്യാർഥിനിയുടെയും മൊഴി കൂടാതെ പൊലീസ് കോക്കല്ലൂർ അങ്ങാടിയിലെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സംഭവം കണ്ട ദൃക്സാക്ഷികളിൽനിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികൾ മൊബൈൽ ഫോണടക്കം സ്വിച്ച് ഓഫ് ചെയ്തു നാട്ടിൽതന്നെ തുടരുന്നുണ്ടെന്നും മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കാൻപോലും പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ ഒളിവിലാണെന്ന പല്ലവി പൊലീസ് തുടരുകയാണെന്നും ബന്ധുക്കൾ ആരോപിച്ചു. ബാലുശ്ശേരി എസ്.ഐ സുജിലേഷിനാണ് അന്വേഷണ ചുമതല. സദാചാര ആക്രമണസംഘത്തിൽപെട്ട സജി ഇതിനുമുമ്പ് കോക്കല്ലൂർ സ്കൂൾ കാന്റീനിൽ വെച്ച് വിദ്യാർഥിയെ മർദിച്ച കേസിലും ഉൾപ്പെട്ടയാളാണ്. പ്രതികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കാത്തപക്ഷം ജില്ല കലക്ടർക്കും ഉന്നത പൊലീസ് അധികാരികൾക്കും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായതിനാൽ സംസ്ഥാന ബാലാവകാശ കമീഷനും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.