ഉരുൾപൊട്ടൽ ഭീഷണിയുള്ള വനപ്രദേശങ്ങളിൽ പരിശോധന നടത്തി
text_fieldsബാലുശ്ശേരി: പനങ്ങാട്, കട്ടിപ്പാറ പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള ചുരത്തോട്, കാക്കണഞ്ചേരി മല ഉൾപ്പെടുന്ന വനപ്രദേശങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കഴിഞ്ഞ വർഷം കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ചീടിക്കുഴി പുഴയിലേക്ക് മണ്ണം ചളിയും കൂറ്റൻ പാറക്കല്ലുകളും ഒലിച്ചെത്തി പുഴയിലെ വെള്ളം കരകവിഞ്ഞൊഴുകി സമീപവാസികളുടെ വീടുകൾക്കും കൃഷിയിടങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.
ഇക്കഴിഞ്ഞ മാസം കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തൻപാറ വനപ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടങ്ങൾക്കും നാശമുണ്ടായി. മലമുകളിലെ വനപ്രദേശത്തെ മരങ്ങൾ കടപുഴകുമ്പോൾ ഉണ്ടാകുന്ന കുഴികളിലേക്ക് വെള്ളം ഊർന്നിറങ്ങുന്നതും പാറക്കെട്ടുകൾക്കു മീതെയുള്ള മണ്ണ് ഇളകി നീങ്ങുന്നതും കാരണമാണ് വനത്തിനുള്ളിൽ മണ്ണിടിച്ചിലും ചിലപ്പോൾ ഉരുൾ പൊട്ടലടക്കമുള്ള ദുരന്തങ്ങൾക്കും ഇടയാകുന്നത്. ഇത്തരം അവസ്ഥയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി മുൻകരുതൽ നടപടി സ്വീകരിക്കുന്നതിനാണ് വനംവകുപ്പ് നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.
തലയാട് ഏലക്കാനം, ചുരത്തോട്, കാക്കണഞ്ചേരി, കക്കയം ഡാമിെൻറ ഭാഗമായുള്ള സ്ഥലം എന്നിവിടങ്ങൾ മഴക്കാലമാകുമ്പോൾ ഏറെ ഭീഷണിയുയർത്തുന്ന പ്രദേശങ്ങളാണ്. കക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഗണേഷ് ബാബു, അബ്ദുൽ ഗഫൂർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ വി.ജി. അമൃത്, വാച്ചർ ഷാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.