പേര്യ മലയിൽ ഉരുൾപൊട്ടൽ; കനത്ത നാശനഷ്ടം
text_fieldsബാലുശ്ശേരി: കക്കയം 28ാം മൈൽ പേര്യ മലയിൽ ഉരുൾപൊട്ടി കനത്ത നാശം. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെതുടർന്ന് രാത്രിയോടെയാണ് പേര്യ മലയിൽ ഉരുൾപൊട്ടിയത്. മണ്ണും ചളിയും പാറക്കഷണങ്ങളും ഒഴുകിയെത്തി കളത്തിങ്കൽ മുജീബിന്റെ കൃഷിയിടങ്ങൾക്കും വീടിനും നാശനഷ്ടങ്ങളുണ്ടായി. വീടിനു സമീപത്തെ 70ഓളം കവുങ്ങുകൾ, മറ്റു കൃഷികൾ, കോഴി ഫാമും മണ്ണിലും ചളിയിലും തകർന്നിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ മുജീബും കുടുംബവും വീട്ടിലില്ലായിരുന്നു. രാത്രിയോടെ വീട്ടിലെത്തിയപ്പോഴാണ് വീടിനു മുറ്റത്തും സമീപത്തുമായി കൂറ്റൻ പാറക്കല്ലുകളും ചളിയും നിറഞ്ഞ് നിൽക്കുന്നത് കണ്ടത്. തുടർന്ന് മുജീബ് ബന്ധു ഗൃഹത്തിലേക്ക് മാറുകയായിരുന്നു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, വാർഡ് അംഗങ്ങളായ ജെസി ജോസഫ്, അരുൺ ജോസ്, വില്ലേജ് അധികൃതർ, കൂരാച്ചുണ്ട് പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.
കനത്ത മഴ തുടരുകയാണെങ്കിൽ സമീപപ്രദേശത്തുകാരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 27ാം മൈൽ റോഡിലും മലിയിടിച്ചിലുണ്ടായി. കക്കയം കരിയാത്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന വഴികൂടിയാണിത്. സഞ്ചാരികൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.