ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനുകീഴിൽ പ്രാദേശിക കാലാവസ്ഥ കേന്ദ്ര ശൃംഖല വരുന്നു
text_fieldsബാലുശ്ശേരി: കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഉഷ്ണതരംഗം, തീവ്രമഴ, ചുഴലിക്കാറ്റ്, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ സംബന്ധിച്ച് പ്രാദേശിക മുന്നറിയിപ്പ് നൽകുന്നതിന് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രാദേശിക കാലാവസ്ഥാകേന്ദ്ര ശൃംഖലക്ക് രൂപം നൽകുന്നു.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഓരോ അഞ്ചു കിലോമീറ്റർ അകലത്തിലും കേന്ദ്രങ്ങൾ സ്ഥാപിക്കും. അവിടെ നിന്ന് ലഭിക്കുന്ന മഴയുടെ അളവ്, അന്തരീക്ഷ ഊഷ്മാവ്, കാറ്റിന്റെ ഗതി, ആർദ്രത, അന്തരീക്ഷ മർദം എന്നീ ഘടകങ്ങൾ പ്രതിദിനം രേഖപ്പെടുത്തി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾക്ക് നൽകും.
കുസാറ്റിന്റെ സഹായത്തോടെ പ്രാദേശിക വിവരങ്ങൾ വിശകലനം ചെയ്ത് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭ്യമാക്കും.
പ്രകൃതി ദുരന്തങ്ങൾ കൊണ്ടുണ്ടാവുന്ന അപകടങ്ങൾ സംബന്ധിച്ച് ജനങ്ങൾക്ക് മുൻകൂട്ടി സൂചനകൾ നൽകുക, നാശനഷ്ടങ്ങൾ കുറക്കുക, കാലാവസ്ഥക്ക് അനുയോജ്യ വിളകൾ തിരഞ്ഞെടുക്കുന്നതിനും നടീൽ സമയവും വിളവെടുപ്പ് സമയവും തീരുമാനിക്കുന്നതിനും കർഷകരെ സഹായിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൃത്യസമയത്ത് നടത്താൻ സഹായിക്കുക, സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും പൊതു അവധി നൽകേണ്ടി വരുന്നത് പ്രാദേശികമായി ക്രമീകരിക്കുക, കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പൊതുജന വിദ്യാഭ്യാസം നടത്തുക, ബ്ലോക്ക് പഞ്ചായത്തിനെ കാർബൺ സീറോ അവസ്ഥയിലേക്ക് എത്തിക്കുക എന്നിവയാണ് പഠന പരിപാടിയുടെ ലക്ഷ്യം.
പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് നാലിന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ നിർവഹിക്കും.
പദ്ധതിയിൽ പങ്കാളികളാവുന്ന സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം അന്ന് രാവിലെ 10 മുതൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത ഉദ്ഘാടനം ചെയ്യും.
ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ്, നരവംശ ശാസ്ത്രജ്ഞ ഡോ. ടി.ആർ. സുമ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ ക്ലാസെടുക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഡിസാസ്റ്റർ മാനേജ്മെൻറ് ഫോഴ്സ് അംഗങ്ങൾ, പുഴ സംരക്ഷണ സമിതി പ്രതിനിധികൾ, പരിസ്ഥിതി പ്രവർത്തകർ എന്നിവർ പരിശീലനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.