മഞ്ഞപ്പുഴ-രാമൻപുഴ പദ്ധതി; കാട്ടാമ്പള്ളി പുഴയോരത്ത് രണ്ടു കോടിയുടെ ടൂറിസം വികസനം
text_fieldsബാലുശ്ശേരി: മഞ്ഞപ്പുഴ-രാമൻപുഴ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടാമ്പള്ളി പുഴയോരം കേന്ദ്രീകരിച്ച് രണ്ടു കോടിയുടെ ടൂറിസം വികസന പദ്ധതി നടപ്പാക്കുന്നു. ഇക്കഴിഞ്ഞ ബജറ്റിൽ ഇതിനായി തുക അനുവദിച്ചിട്ടുണ്ട്.
ബാലുശ്ശേരി മണ്ഡലത്തിന്റെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ, രാമൻപുഴ എന്നിവയുടെ പുനരുജ്ജീവനവും മണ്ഡലത്തിന്റെ വികസനവും കേന്ദ്രീകരിച്ച് അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ നേതൃത്വത്തിൽ ഹരിത കേരളം മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ജനകീയ പദ്ധതിയാണ് മഞ്ഞപ്പുഴ-രാമൻപുഴ സമഗ്ര വികസന പദ്ധതി. കോരപ്പുഴയുടെ കൈവഴികളായി അറിയപ്പെടുന്ന മഞ്ഞപ്പുഴ, രാമൻപുഴ, കോട്ടനടപ്പുഴ എന്നിവ ബാലുശ്ശേരി മണ്ഡലത്തിലെ പനങ്ങാട്, ബാലുശ്ശേരി, കോട്ടൂർ, നടുവണ്ണൂർ, ഉള്ള്യേരി പഞ്ചായത്തുകളിലൂടെയാണ് ഒഴുകുന്നത്.
പനങ്ങാട് പഞ്ചായത്തിലെ മണിച്ചേരി മലയിൽനിന്ന് ഉത്ഭവിക്കുന്ന മഞ്ഞപ്പുഴ-രാമൻപുഴയുടെ തീരവുമായി ബന്ധപ്പെട്ടാണ് ബാലുശ്ശേരി മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ നിലനിൽക്കുന്നത്. ടൂറിസം, മത്സ്യബന്ധനം, ജലഗതാഗതം എന്നിവ ലക്ഷ്യമാക്കി പദ്ധതിയുടെ ആദ്യഘട്ടമായി ജനകീയ ശുചീകരണ പ്രവൃത്തി നടന്നു. എം.എൽ.എയുടെ നിർദേശപ്രകാരം ഹരിത കേരളം മിഷൻ ടീം മണ്ഡലത്തിലെ പ്രധാന ജലസ്രോതസ്സായ മഞ്ഞപ്പുഴ -രാമൻ പുഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വികസന സാധ്യതകളും പഠിച്ച് നിർദേശങ്ങൾ നൽകിയിരുന്നു.
പുഴ പുനരുജ്ജീവനത്തോടൊപ്പം കൃഷി, വെള്ളപ്പൊക്ക നിയന്ത്രണം, ടൂറിസം, ക്ഷീരവികസനം, സ്പോർട്സ് തുടങ്ങിയ സാധ്യതകൾ, പുഴയോട് ചേർന്ന് നടത്താൻ പറ്റിയ സ്ഥലങ്ങൾ, അതിന്റെ ആവശ്യകത, സംയോജന സാധ്യതകൾ, തൊഴിലുറപ്പിലെ സാധ്യതകൾ എന്നിവ അടങ്ങുന്ന സമഗ്ര വികസനത്തിനാണ് പദ്ധതി തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.