റോഡിൽ സഹായ ഹസ്തമായ വിജയന് നാടിന്റെ ആദരം
text_fieldsബാലുശ്ശേരി: വിദ്യാർഥികൾക്കും വയോധികർക്കും റോഡിൽ സഹായ ഹസ്തവുമായി നിൽക്കുന്ന വിജയൻ കുന്നത്തറോലിന് നാടിന്റെ ആദരം. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിൽ കോക്കല്ലൂർ അങ്ങാടിയിലെ തിരക്കുപിടിച്ച ജങ്ഷനിൽ വിദ്യാർഥികളെയും പ്രായമായവരെയുമൊക്കെ റോഡ് മുറുച്ചുകടക്കാൻ സഹായിക്കാൻ വിജയൻ എപ്പോഴുമുണ്ടാകും. 62 കാരനായ കാഞ്ഞിക്കാവ് കുന്നത്തറോൽ വിജയൻ സെക്യൂരിറ്റി ജീവനക്കാരനാണെങ്കിലും പലപ്പോഴും അത് ഒഴിവാക്കിയാണ് റോഡിൽ ട്രാഫിക് സേവനവുമായി എത്തുന്നത്. കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കെത്തുന്ന ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 2600ലധികം വിദ്യാർഥികളിൽ ഭൂരിഭാഗവും വിജയന്റെ സഹായത്താലാണ് റോഡ് മുറിച്ചുകടക്കുന്നത്.
സ്കൂളിൽ സ്പെഷൽ ട്യൂഷൻ ക്ലാസ് ഉള്ളതിനാൽ കുട്ടികൾ രാവിലെ ഏഴുമണിയോടെതന്നെ സ്കൂളിലെത്തും വിജയനും അതേ സമയത്തുതന്നെ എത്തിയിട്ടുണ്ടാവും. ഇടതടവില്ലാതെയാണ് വാഹനങ്ങൾ റോഡിലൂടെ കടന്നുപോകുന്നത്. എരമംഗലത്തെ ക്വാറിയിൽനിന്നുള്ള ലോറികളും തത്തമ്പത്ത് ഭാഗത്തുനിന്നുള്ള വാഹനങ്ങളും റോഡിലേക്ക് കയറുന്നതോടെ കോക്കല്ലൂർ ജങ്ഷൻ പലപ്പോഴും വൻ കുരുക്കിലാവാറുണ്ട്. വിജൻ കൈവെക്കുന്നതോടെ ഇതിനെല്ലാം പരിഹാരമാകും. സ്കൂൾ തുറന്ന ദിവസം മുതൽ കോക്കല്ലൂർ അങ്ങാടിയിൽ സെക്യൂരിറ്റി വേഷത്തിൽതന്നെ ട്രാഫിക് നിയന്ത്രിക്കുന്നുണ്ട്. കോക്കല്ലൂർ അങ്ങാടിയിലെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളും ബസ് ജീവനക്കാരും വിജയന്റെ ട്രാഫിക് സേവനത്തെ ആദരവോടെയാണ് കാണുന്നത്. ബാലുശ്ശേരി ഹൈവേ പൊലീസും ആവശ്യമായ സഹകരണം വിജയന്റെ സേവന പ്രവൃത്തിക്ക് നൽകുന്നുണ്ട്. വെള്ളിയാഴ്ച ദിവസങ്ങളിൽ ഉള്ളിയേരി ഈസ്റ്റ് മുക്കിലെ ജുമാമസ്ജിദിലെ തിരക്ക് നിയന്ത്രിക്കാനും വിജയന്റെ സേവന ഹസ്തമുണ്ട്. ട്രാഫിക് സേവനം ഇനിയും തുടരാൻ തന്നെയാണ് വിജയന്റെ തീരുമാനം. ഭാര്യ അജിത തൊഴിലുറപ്പ് തൊഴിലാളിയാണ്. ഏക മകൻ ജിഷ്ണു സൗദിയിൽ ജോലി നോക്കുന്നു. കോക്കല്ലൂർ റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ആദരവ് ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. കെ.കെ മുനീർ അധ്യക്ഷതവഹിച്ചു. ട്രാഫിക് പൊലീസ് എസ്.ഐ വിനോദ്, സി.പി.ഒ ഷൈജു, വാർഡ് അംഗങ്ങളായ ആരീഫബിവി, ഇന്ദിര തെക്കെടത്ത്, പരീത് കോക്കല്ലൂർ, അജിത് കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.