എൻ.ജി.ഒ കോൺഫെഡറേഷൻ തട്ടിപ്പ് നടത്തുകയാണെന്ന് ആരോപണം
text_fieldsബാലുശ്ശേരി: സന്നദ്ധ സംഘടനകളുടെ പേരിൽ പദ്ധതി പ്രവർത്തനം നടത്തുന്ന എൻ.ജി.ഒ കോൺഫെഡറേഷൻലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുകയാണെന്ന് സമഗ്ര ബാലുശ്ശേരിയുടെ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇരുന്നൂറിലധികം സന്നദ്ധസംഘടനകളുടെ പേരിൽ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാനായുള്ള ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങൾക്ക് വേണ്ടി സന്നദ്ധ സംഘടനകൾ ഒമ്പത് മാസമായി കാത്തിരിപ്പ് തുടരുകയാണ്.
ബാലുശ്ശേരിയിൽ പ്രവർത്തിക്കുന്ന സമഗ്ര 49 വാഹനങ്ങൾക്കു വേണ്ടി 28.64 ലക്ഷത്തോളം രൂപയാണ് എൻ.ജി.ഒ കോൺഫഡറേഷന്റെ വിവിധ പേരിലുള്ള അക്കൗണ്ടുകളിലൂടെ അടച്ചിട്ടുള്ളതെന്നും എന്നാൽ ഒമ്പതുമാസം കഴിഞ്ഞിട്ടും ഇരുചക്ര വാഹനവിതരണം നടന്നിട്ടില്ലെന്നും പുതിയ പദ്ധതികളുമായി എൻ.ജി.ഒ കോൺഫഡറേഷൻ മുന്നോട്ടു പോകുകയാണെന്നും പണമടച്ച ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്നും സമഗ്ര ഭാരവാഹികളായ സുനിൽകുമാർ ഉണ്ണികുളം, ടി.എം. വിജിത, പി.കെ. രാജൻ പറഞ്ഞു.
എൻ.ജി.ഒ കോൺഫെഡറേഷൻ കോഓഡിനേറ്റർ വാഹനപദ്ധതിക്കായി ഗുണഭോക്തൃസംഖ്യ അടപ്പിച്ചതെല്ലാം അദ്ദേഹത്തിന്റെ ബന്ധുക്കളെ ചേർത്ത അക്കൗണ്ടിലൂടെയായിരുന്നെന്നും ഇത് നിയന്ത്രിച്ചിരുന്നത് ബന്ധുക്കളായിരുന്നെന്നും ഗുണഭോക്താക്കളുടെ പരാതിയെ തുടർന്നു പ്രസ്തുത അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കയാണെന്നും ഇവർ ആരോപിച്ചു.
സമഗ്രയിലെ 49 പേരെ ചേർത്തുണ്ടാക്കിയ ഫാക്ട് എന്ന ഗ്രൂപ്പിലൂടെ സമഗ്രക്കും ഡയറക്ടർക്കുമെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുന്നത് അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
സമഗ്ര എക്സിക്യൂട്ടിവ് യോഗ തീരുമാനപ്രകാരം ഇരുചക്ര വാഹനം പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്നും എഫ്.പി.ഒ രൂപവത്കരണത്തിനായി അഡ്വാൻസായി വാങ്ങിയ 2000 രൂപ എഫ്.പി.ഒ രൂപവത്കരണത്തിൽ താൽപര്യമില്ലാത്ത ഗുണഭോക്താക്കൾക്ക് ഡിസംബർ 31നകം തിരികെ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എൻ.ജി.ഒ കോൺഫെഡറേഷന്റെ വഞ്ചനക്കെതിരെ പ്രതികരിക്കാതെ സന്നദ്ധ സംഘടനയായ സമഗ്രക്കെതിരെ വ്യാജ ആരോപണങ്ങളും വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഭാരവാഹികളായ സുനിൽകുമാർ, വിജിത, രാജൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.