കേന്ദ്ര ബജറ്റിൽ എയിംസ് പ്രഖ്യാപനമില്ല; നിരാശയിൽ കിനാലൂരുകാർ
text_fieldsബാലുശ്ശേരി: കേന്ദ്ര ബജറ്റിൽ എയിംസ് പ്രഖ്യാപനമില്ലാത്തത് കിനാലൂർ പ്രദേശത്തെ നിരാശയിലാക്കി. കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്ഥാപിക്കാനുള്ള മുറവിളി തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇത്തവണയെങ്കിലും ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളത്തിലെ ആരോഗ്യരംഗം.
എന്നാൽ, കഴിഞ്ഞദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ എയിംസിനെ കുറിച്ച് ഒരു സൂചനപോലും നൽകാത്തത് മൊത്തത്തിൽ നിരാശപ്പെടുത്തി. കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ ജില്ലയിലെ കിനാലൂർ പ്രദേശമാണ് സംസ്ഥാന സർക്കാറിന്റെ പരിഗണനയിൽ വന്നിട്ടുള്ളത്.
എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ 200 ഏക്കർ സ്ഥലം കിനാലൂരിൽ കണ്ടെത്തി റവന്യു വകുപ്പിന് കൈമാറുകയും ചെയ്തു. മാത്രമല്ല കിനാലൂരിലെ നിർദിഷ്ട സ്ഥലം സംസ്ഥാന ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും സന്ദർശിച്ച് ഏറെ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. തദ്ദേശീയരായ നാട്ടുകാരും എയിംസ് സ്ഥാപിക്കുന്നതിന് അനുകൂലമായ നിലപാട് എടുക്കുക മാത്രമല്ല, കൂടുതൽ സ്ഥലം ആവശ്യമായാൽ തങ്ങളുടെ കിടപ്പാടം പോലും നൽകാൻ സന്നദ്ധരാണെന്ന് അറിയിക്കുകയും ചെയ്തു. സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തു നൽകി. 1500 കോടിയോളം രൂപ കേന്ദ്രം ചെലവാക്കിയാൽ മാത്രമേ എയിംസ് എന്ന കേരളത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കൂ.
എന്നാൽ, ഇത്തവണത്തെ കേന്ദ്ര ബജറ്റിലും തുക നീക്കിവെക്കാത്തതിനാൽ എയിംസ് എന്ന സ്വപ്നം വീണ്ടും നീണ്ടുപോകുകയാണ്. ജില്ലയോടൊപ്പം പ്രത്യേകിച്ചു ബാലുശ്ശേരി കിനാലൂർ പ്രദേശത്തുകാരും നിരാശയോടെയാണ് ബജറ്റിനെ ഉൾക്കൊണ്ടത്. എയിംസിനുവേണ്ടിയുള്ള പ്രതീക്ഷ കൈവിടാതെയാണ് ആരോഗ്യമന്ത്രിയും ജനപ്രതിനിധികളും ഇപ്പോഴും നിലകൊള്ളുന്നത്.
എയിംസ് വരുകയാണെങ്കിൽ അത് കിനാലൂരിൽ തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവിച്ച വാക്കും കിനാലൂർ നിവാസികൾ ഏറെ പ്രതീക്ഷയോടെ തന്നെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.