കാക്കണഞ്ചേരി ആദിവാസി കോളനി ഇരുട്ടിൽ തന്നെ
text_fieldsബാലുശ്ശേരി: തലയാട് കാക്കണഞ്ചേരി കോളനിവാസികൾ ഇരുട്ടിൽ തന്നെ. ലക്ഷക്കണക്കിന് രൂപ മുടക്കി കോളനിയിലെ എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചെങ്കിലും ദിവസങ്ങൾ മാത്രമാണ് ഇവർക്ക് വെളിച്ചം കിട്ടിയത്.
കോളനി വീടുകളിലെ വയറിങ് തകരാറിലാണെന്നും, വൈദ്യുതി ബിൽ അടക്കുന്നില്ലെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ട് മാസങ്ങളായി.
ഉണ്ണികുളം സെക്‌ഷനുകീഴിൽ വരുന്ന കോളനിയിലെ എഴു വീടുകളുടെ വൈദ്യുതി കണക്ഷനാണ് വിച്ഛേദിച്ചിട്ടുള്ളത്.കക്കയം വന മേഖലയോട് ചേർന്ന പ്രദേശമായ കാക്കണഞ്ചേരി കോളനി പ്രദേശം വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും ശല്യം ഏറെയുള്ള പ്രദേശം കൂടിയാണ്. രാത്രിയായാൽ ഇരുട്ടിൽ തന്നെ കഴിയേണ്ടി വരുന്ന കോളനിയിലെ കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
കോളനിയിലെ മിക്ക വീടുകളും ശോച്യാവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ ചുമരുകളും, തകർന്ന കക്കൂസുകളുമായാണ് മിക്ക വീടുകളും നിലകൊള്ളുന്നത്.
കുടിവെള്ളവും ഇവിടത്തുകാർക്ക് കിട്ടാക്കനി തന്നെയാണ്. പുറം ലോകവുമായി ഏറെ ബന്ധപ്പെടാതെ കഴിയുന്നതിനാൽ കോളനിവാസികളുടെ ദുരിത ജീവിതം അധികൃതരുടെ ശ്രദ്ധയിൽപെടാറുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.