നെറ്റ് വർക്കില്ല; ഓൺലൈൻ പഠനം തടസ്സപ്പെടുന്നു
text_fieldsബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ മലയോര മേഖലയിൽ നെറ്റ് വർക്ക് ലഭ്യത കുറവായതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം തടസ്സപ്പെടുന്നു. വയലട, തലയാട്, ചീടിക്കുഴി, 26ാം മൈൽ ഭാഗങ്ങളിലാണ് നെറ്റ് വർക്ക് കവറേജ് ലഭ്യമല്ലാത്തത്. ബി.എസ്.എൻ.എൽ അടക്കം മൂന്നു ടവറുകൾ തലയാട് അങ്ങാടിയിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിൽനിന്നുള്ള നെറ്റ് വർക്ക് സിഗ്നലുകൾ കുറഞ്ഞ ഫ്രീക്വൻസിയിലേ ലഭ്യമാകുന്നുള്ളൂ എന്നാണ് നാട്ടുകാരുടെ പരാതി.
വയലട പ്രദേശത്ത് കണിയാങ്കണ്ടി ഭാഗത്ത് സ്വകാര്യ കമ്പനി സ്ഥാപിച്ച ടവറിൽനിന്ന് സിഗ്നലുകൾ ലഭിക്കുന്നത് കുറഞ്ഞ ഫ്രീക്വൻസിയിലാണ്. ഫോൺ വിളിക്കാൻപോലും പുറത്തിറങ്ങേണ്ട അവസ്ഥയാണ്. തലയാട് അങ്ങാടിയിൽ സ്ഥാപിച്ച സ്വകാര്യ ടവറിൽനിന്ന് നെറ്റ് വർക്ക് വല്ലപ്പോഴും കിട്ടുന്ന അവസ്ഥയാണ്.
നേരത്തെ തലയാട് അങ്ങാടിയിലെ കെട്ടിടത്തിനു മുകളിലായിരുന്നു ടവർ സ്ഥാപിച്ചിരുന്നത്. പിന്നീട് കെട്ടിട ഉടമ തന്നെ ടവർ മാറ്റിസ്ഥാപിക്കാൻ പറഞ്ഞതോടെ ടവർ താഴേക്ക് സ്ഥാപിച്ചു. ഇതോടെ ടവറിൽനിന്നുള്ള സിഗ്നലുകളും കുറഞ്ഞു. നിപ ജാഗ്രതയെ തുടർന്ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പഠനം ഓൺലൈനിലേക്കു മാറിയതോടെ വിദ്യാർഥികൾ വീണ്ടും ഫോൺ വഴി ഓൺലൈൻ പഠനത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
മലയോരമേഖലയിൽപെട്ട തലയാട്, വയലട പ്രദേശങ്ങളിൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനം പ്രതിസന്ധിയിലാണ്. നെറ്റ് വർക്ക് കിട്ടാത്തതിനെതിരെ ടവറുകൾ സ്ഥാപിച്ച സ്വകാര്യ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. മലയോരമേഖലയിൽ ബി.എസ്.എൻ.എൽ കവറേജ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.