ഭൂമി കൈമാറി കിട്ടാത്തത് കക്കയം പ്രാഥമികാരോഗ്യ കേന്ദ്രം വികസനത്തിന് തടസ്സം
text_fieldsബാലുശ്ശേരി: കെ.എസ്.ഇ.ബി ഭൂമി കൈമാറി കിട്ടിയില്ല; കക്കയം പ്രാഥമികാരോഗ്യ കേന്ദ്രം വികസന പ്രവർത്തനം തടസ്സപ്പെടുന്നു. നിലവിൽ കക്കയത്ത് പ്രാഥമികാരോഗ്യ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കെ.എസ്.ഇ.ബിയുടെ പഴയ കെട്ടിടത്തിലാണ്. ഇവിടം കാടുപിടിച്ചും അസൗകര്യം നിറഞ്ഞതുമാണ്.
കെ.എസ്.ഇ.ബിയുടെ 48.25 സെന്റ് ഭൂമിക്ക് റവന്യൂ വകുപ്പ് 5,02467 രൂപ വില നിശ്ചയിച്ച് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും തുടർ നടപടി ഉണ്ടാകാത്തത് ആശുപത്രി കെട്ടിട നിർമാണത്തിനും ബുദ്ധിമുട്ടായിരിക്കയാണ്. കക്കയം പി.എച്ച്.സിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനായി വർഷങ്ങൾക്കു മുമ്പേ 1.43 കോടിയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ വർഷം നവംബറിലാണ് പ്രത്യേക ഉത്തരവിലൂടെ നിർമാണ അനുമതി നൽകിയത്. കെ.എസ്.ഇ.ബി സ്ഥലത്തുതന്നെ പുതിയ കെട്ടിട നിർമാണവും തുടങ്ങിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം കെ.എസ്.ഇ.ബിയിൽ നിലനിർത്തി കെട്ടിട നിർമാണത്തിന് മാത്രമായി കെ.എസ്.ഇ.ബി പെർമിസിവ് സാങ്ഷൻ നൽകുകയാണ് ചെയ്തത്. ആശുപത്രിയുടെ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് ഭൂമി കൈമാറി ലഭിക്കാത്തത് ഭാവിയിൽ തടസ്സമാകും.
കെ.എസ്.ഇ.ബി ഭൂമിയിലെ പി.എച്ച്.സിക്ക് ഫണ്ട് അനുവദിക്കാൻ ആരോഗ്യ വകുപ്പിനും ഗ്രാമപഞ്ചായത്തിനും സാധിക്കാത്തത് ഭാവിയിൽ ആശുപത്രി വികസനത്തിന് വിലങ്ങുതടിയാകും. കെട്ടിട നിർമാണത്തിനുശേഷം മറ്റ് പ്രവൃത്തികൾക്കും പ്രശ്നമാകും. ഭൂമി ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പിന് ഫണ്ടില്ലാത്തതാണത്രെ ഇപ്പോഴത്തെ തടസ്സമെന്നാണറിയുന്നത്.
എന്നാൽ, സർക്കാർ നിശ്ചയിച്ച മാർക്കറ്റ് വിലക്ക് ഭൂമി ഏറ്റെടുക്കാൻ ഗ്രാമപഞ്ചായത്ത് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കക്കയത്തെ ആദിവാസി കുടുംബങ്ങളടക്കം മലയോര പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾ ചികിത്സ തേടിയെത്തുന്ന ആശ്രയകേന്ദ്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.