കക്കയം ഡാം സൈറ്റിലെ ഏകാംഗ ബൂത്ത് ഓർമയായിട്ട് 11 വർഷം
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റിലെ ഏകാംഗ ബൂത്ത് ഓർമയായിട്ട് പതിറ്റാണ്ട് പിന്നിട്ടു. ഇന്ത്യയിലെതന്നെ അപൂർവം ഏകാംഗ ബൂത്തായി അറിയപ്പെട്ടിരുന്ന കക്കയം ഡാം സൈറ്റ് ബൂത്ത് ഏക വോട്ടറായിരുന്ന ചാരങ്കാട്ട് ദാസൻ 2008ൽ മരിച്ചതോടെ 2009 ഏപ്രിലിലെ തെരഞ്ഞെടുപ്പിലാണ് നിർത്തലാക്കിയത്. ഡാം സൈറ്റിനടുത്ത ചാരങ്കാട്ട് എസ്റ്റേറ്റിെൻറ വാച്ച്മാനായിരുന്ന ദാസനുവേണ്ടി മാത്രം 15 വർഷമാണ് ഏകാംഗ ബൂത്ത് പ്രവർത്തിച്ചിരുന്നത്. പേരാമ്പ്ര അസംബ്ലി മണ്ഡലത്തിൽപെട്ടതായിരുന്നു ഈ ബൂത്ത്. കക്കയത്തുനിന്ന് 15 കിലോമീറ്റർ അകലെ ഹെയർപിൻ വളവുകൾ കയറി വേണം വനമേഖലയിൽപെട്ട കക്കയം ഡാം സൈറ്റിലെത്താൻ. ഡാം സൈറ്റിൽ കെ.എസ്.ഇ.ബി ക്വാർട്ടേഴ്സിലായിരുന്നു ബൂത്ത് സജ്ജമാക്കിയിരുന്നത്.
തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴു മണിയോടെതന്നെ പ്രിസൈഡിങ് ഓഫിസറടക്കമുള്ള ഉദ്യോഗസ്ഥർ ബൂത്തിലെത്തി ഒരുക്കങ്ങൾ നടത്തുമായിരുന്നു. പിന്നെ ബൂത്തിലെ ഏകവോട്ടറായ ദാസനുവേണ്ടിയുള്ള കാത്തിരിപ്പാണ്. വി.ഐ.പി വോട്ടറായ ദാസൻ പലപ്പോഴും എസ്റ്റേറ്റിലെ പണിയെല്ലാം കഴിഞ്ഞ് വൈകീട്ട് അഞ്ചു മണിയോടടുത്തായിരുന്നു ബൂത്തിലെത്തുക. ചിലപ്പോൾ ദാസനെ തേടി ഉദ്യോഗസ്ഥർ എസ്റ്റേറ്റിലേക്കും പോകേണ്ടിവരുമായിരുന്നു. 2006 ഏപ്രിലിൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ദാസൻ ഉച്ചക്ക് 12 മണിയോടെതന്നെ ബൂത്തിലെത്തി വോട്ടുചെയ്തിരുന്നു. അന്നായിരുന്നു ഉച്ചക്കു മുമ്പ് 100 ശതമാനം പോളിങ് നടന്ന കേരളത്തിലെ ബൂത്ത് എന്ന ഖ്യാതി കക്കയത്തെ ഏകാംഗ ബൂത്തിന് ലഭിച്ചത്.
കക്കയം അങ്ങാടിക്കടുത്ത് സ്കൂളിൽ ബൂത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഡാം സൈറ്റിലെ താമസ സ്ഥലത്തുനിന്ന് 15 കിലോമീറ്റർ സഞ്ചരിച്ച് ബൂത്തിലെത്തി വോട്ടുചെയ്യാൻ ദാസന് കഴിഞ്ഞിരുന്നില്ല. ഇതിനാലായിരുന്നു ദാസനുവേണ്ടി മാത്രം ഡാം സൈറ്റിനടുത്ത് ബൂത്ത് പ്രവർത്തിച്ചത്. പതിനായിരത്തോളം രൂപയാണ് ഈ ഏകാംഗ ബൂത്തിനായി സർക്കാർ ചെലവാക്കിയിരുന്നത്. കോട്ടയം പാമ്പാടിയിൽനിന്ന് ജോലിക്കെത്തിയ ദാസനെ കൂടാതെ 350 ഓളം തൊഴിലാളികൾ ആദ്യ കാലത്ത് ചാരക്കാട്ട് എസ്റ്റേറ്റിലുണ്ടായിരുന്നു. ഇവർക്കുവേണ്ടിയായിരുന്നു വർഷങ്ങൾക്കുമുമ്പേ ഡാം സൈറ്റിൽ ബൂത്ത് ആരംഭിച്ചത്. തൊഴിലാളികളെല്ലാം പിരിഞ്ഞുപോയതോടെ എസ്റ്റേറ്റും ഒറ്റപ്പെട്ടു. അവസാനം എസ്റ്റേറ്റ് നോക്കിനടത്താൻ ഒരു വാച്ച്മാനെ മാത്രം ഏർപ്പാടാക്കുകയായിരുന്നു. കക്കയം വന്യജീവി സങ്കേതം രൂപവത്കരിച്ചതോടെ ഉടമക്ക് സർക്കാർ പണം നൽകി ചാരങ്കാട്ട് എസ്േറ്ററ്റ് ഇപ്പോൾ നിക്ഷിപ്ത വനഭൂമിയാക്കി മാറ്റിയിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.