പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് വർഷം ഒന്ന്; ബാലുശ്ശേരി മിനി സിവിൽ സ്റ്റേഷൻ
text_fieldsബാലുശ്ശേരി: മിനി സിവിൽ സ്റ്റേഷന്റെ നിർമാണം ഒരു വർഷം പിന്നിട്ടിട്ടും തുടങ്ങിയില്ല. ബാലുശ്ശേരി പഞ്ചായത്തിലെ പറമ്പിൻ മുകളിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ പ്രവൃത്തി ഉദ്ഘാടനം 2021 സെപ്റ്റംബറിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചതാണ്.
കെട്ടിട നിർമാണത്തിനായി 15 കോടിയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. പഴയ വില്ലേജ് ഓഫിസിനു പിറകിലായി റവന്യൂ വകുപ്പിന്റെ കൈവശമുള്ള 72 സെന്റ് സ്ഥലത്ത് പ്രാരംഭ പ്രവർത്തനമായി മരങ്ങൾ മുറിച്ചുമാറ്റുകയും കാട് വെട്ടിത്തെളിക്കുകയുമുണ്ടായി. കെട്ടിട നിർമാണത്തിനായുള്ള യന്ത്രസാമഗ്രികളും ഇറക്കിയിരുന്നു.
എന്നാൽ, ചില സാങ്കേതിക തടസ്സങ്ങൾ കാരണം പിന്നീട് ഒരു പ്രവൃത്തിയും നടന്നില്ല. നിർമാണ സ്ഥലത്തെ മണ്ണ് നീക്കാനായി 3.10 ലക്ഷത്തിന്റെ ടെൻഡർ നൽകിയിരുന്നു. എന്നാൽ, ഇത് കുറഞ്ഞ റേറ്റ് ആയതിനാൽ പൊതുമരാമത്തുവകുപ്പ് അനുമതി നൽകിയിരുന്നില്ല.
വീണ്ടും ടെൻഡർ വെച്ചതിലും കുറഞ്ഞ റേറ്റിൽ തന്നെയാണിപ്പോൾ എടുത്തിട്ടുള്ളത്. ബാലുശ്ശേരി ടൗണിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന സബ് ട്രഷറി ഓഫിസ്, രജിസ്ട്രാർ ഓഫിസ്, ഉപജില്ല വിദ്യാഭ്യാസ ഓഫിസ്, എക്സൈസ് ഓഫിസ്, വൈദ്യുതി ഓഫിസുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വനിത വികസന വകുപ്പ് ബാലുശ്ശേരി പ്രോജക്ട് ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ മിനി സിവിൽ സ്റ്റേഷന്റെ വരവോടെ സാധ്യമാകും.
പൊതുമരാമത്ത് വകുപ്പിന്റെ ആർക്കിടെക്ചർ വിഭാഗവും ഡിസൈൻ വിഭാഗവും സംയുക്തമായി രൂപകൽപന ചെയ്ത കെട്ടിടം രണ്ട് ബേസ്മെന്റ് ഫ്ലോറുകൾ ഉൾപ്പെടെ ആറുനിലകളിൽ പ്രത്യേകം സൗകര്യങ്ങളോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പ്രതിഭ ഡെവലപ്പേഴ്സാണ് നിർമാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. ഒരു വർഷം മുമ്പ് മരങ്ങൾ വെട്ടിമാറ്റി കാട് വെട്ടിത്തെളിച്ച സ്ഥലം വീണ്ടും കാടുമൂടിയ അവസ്ഥയിലായി. നിർമാണ പ്രവൃത്തിക്കായി ഇറക്കിയ യന്ത്രസാമഗ്രികളും തുരുമ്പെടുത്തു നശിച്ച നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.