പനങ്ങാട് പഞ്ചായത്ത് ജനപ്രതിനിധികൾ ധരിക്കും ആഴ്ചയിലൊരിക്കൽ ഖാദിവസ്ത്രം
text_fieldsബാലുശ്ശേരി: ഖാദി പ്രചാരണത്തിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കും മുമ്പേ ഖാദി വസ്ത്രമണിഞ്ഞ് പനങ്ങാട് പഞ്ചായത്ത് മാതൃകയാകുന്നു. ആഴ്ചയിലൊരുദിവസം ഖാദിവസ്ത്രം ധരിച്ചാണ് പഞ്ചായത്തിലെ ജനപ്രതിനിധികളും ജീവനക്കാരുമെത്തുന്നത്. എല്ലാ ബുധനാഴ്ചയുമാണ് ഖാദി ധരിക്കുക. ഒപ്പം ഘടക സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കാളികളാവും.
ഓഫിസിലെ 35 ജീവനക്കാരും 20 ജനപ്രതിനിധികളും ബുധനാഴ്ചകളിൽ വയലറ്റ് നിറത്തിലുള്ള ഖദർ വസ്ത്രം ധരിച്ചാണെത്തുന്നത്. പുരുഷന്മാർ വയലറ്റ് നിറത്തിലുള്ള ഷർട്ടും സ്ത്രീകൾ വയലറ്റ് ബ്ലൗസും ഇളം റോസ് സാരിയുമാണ് ധരിക്കുന്നത്.
കൂടാതെ എൻ.ആർ.ഇ.ജി ഉദ്യോഗസ്ഥർ, യൂത്ത് കോഓഡിനേറ്റർ, പ്രേരക്മാർ തുടങ്ങിയവരും ആഴ്ചയിലൊരുദിവസം ഖദറിടും. സർക്കാർ തീരുമാനം പോസിറ്റിവായാണ് ഭരണസമിതിയെടുത്തതെന്ന് പ്രസിഡൻറ് വി.എം. കുട്ടികൃഷ്ണൻ പറഞ്ഞു. 2009ലും പഞ്ചായത്ത് ഖാദി പ്രചാരണം നടപ്പാക്കിയിരുന്നു.
ജനകീയാസൂത്രണത്തിെൻറ പ്രാരംഭഘട്ടത്തിൽ അറപ്പീടികയിലെ ഖാദി നൂൽപ് അധികൃതർ പഞ്ചായത്തിനെ സമീപിക്കുകയും ഖാദി പ്രചാരണത്തിന് പദ്ധതി തയാറാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ ജില്ലയിൽ ആദ്യമായി പനങ്ങാട്ടാണ് സ്കൂൾ യൂനിഫോമായി ഖാദിവസ്ത്രം ധരിക്കാനുള്ള തീരുമാനമുണ്ടാകുന്നത്. എല്ലാ ബുധനാഴ്ചയും പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികളും അധ്യാപകരും പൊതുപ്രവർത്തകരും ഒരേ കളറിലുള്ള ഖദർ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ഇതിെൻറ തുടർച്ചയാണ് പഞ്ചായത്ത് ഭരണസമിതിയും ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കുകയെന്ന തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.