കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം തകർന്നു നശിക്കുന്നു; സാമൂഹികവിരുദ്ധരെ നിയന്ത്രിക്കാൻ പൊലീസില്ല
text_fieldsബാലുശ്ശേരി: കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് കെട്ടിടം തകർന്നു നശിക്കുന്നു. നിരവധി വിനോദസഞ്ചാരികൾ വന്നു പോകുന്ന കക്കയത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചതിനെ തുടർന്ന് 2014ൽ ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റ് രണ്ടു വർഷക്കാലം മാത്രം പ്രവർത്തിച്ച് പിന്നെ അടച്ചിട്ട സ്ഥിതിയിലാണ്.
കെ.എസ്.ഇ.ബിയുടെ പഴയ കെട്ടിടം നവീകരിച്ചാണ് കക്കയത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്. അന്നത്തെ ജില്ല പൊലീസ് മേധാവി പി.എച്ച്. അഷ്റഫ്, നാദാപുരം ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തിൽ എന്നിവരുടെ സാന്നിധ്യത്തിൽ എം.കെ. രാഘവൻ എം.പിയാണ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനംചെയ്തത്.
എന്നാൽ, രണ്ടു വർഷം പിന്നിട്ടതോടെ എയ്ഡ് പോസ്റ്റ് അടച്ചിടുകയായിരുന്നു. കൂരാച്ചുണ്ട് പൊലീസ് സ്റ്റേഷനു കീഴിലുള്ള എയ്ഡ് പോസ്റ്റിലേക്ക് നിയോഗിക്കാൻ പൊലീസുകാർ ഇല്ലാത്തതിന്റെ പേരിലായിരുന്നു അടച്ചുപൂട്ടൽ. ഇപ്പോൾ കെട്ടിടം പാടെ ജീർണാവസ്ഥയിലായിരിക്കയാണ്. വന്യജീവി സങ്കേതവും മലബാറിലെ പ്രധാന ജലവൈദ്യുതി ഉൽപാദനകേന്ദ്രവും കെ.എസ്.ഇ.ബിയുടെ നിരവധി ഓഫിസുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
കക്കയം ഡാം സെറ്റ് കേന്ദ്രീകരിച്ച് ഹൈഡൽ ടൂറിസവും പ്രവർത്തിക്കുന്നുണ്ട്. 12 കിലോമീറ്ററോളം അകലെയുള്ള കൂരാച്ചുണ്ടിലാണ് നിലവിൽ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നിരവധി വിനോദസഞ്ചാരികളാണ് കക്കയത്തെത്തുന്നത്. ലഹരിവസ്തുക്കളുമായെത്തുന്ന സാമൂഹികവിരുദ്ധരായ സഞ്ചാരികളും ഇക്കൂട്ടത്തിലുണ്ടാകാറുണ്ട്. പൊലീസ് സാന്നിധ്യമില്ലാത്തതിനാൽ മൃഗവേട്ടയടക്കമുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും മേഖലയിൽ വർധിച്ചുവരുന്നുണ്ട്. കക്കയത്തെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം വീണ്ടും സജീവമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.