പാലോളി സംഭവം: എസ്.ഡി.പി.ഐയുടെ പ്രകടനം പൊലീസ് തടഞ്ഞു
text_fieldsബാലുശ്ശേരി: എസ്.ഡി.പി.ഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ ബാലുശ്ശേരിയിൽ നടത്താൻ തീരുമാനിച്ച പ്രകടനവും പൊതുസമ്മേളനവും പൊലീസ് തടഞ്ഞു. ഇന്നലെ വൈകീട്ട് നാലു മണിയോടെ തന്നെ നൂറുകണക്കിന് എസ്.ഡി.പി.ഐ പ്രവർത്തകർ എത്തിയിരുന്നുവെങ്കിലും ഡി.സി.ആർ.ബി ഡിവൈ.എസ്.പി ഡി. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രകടനവും പൊതുയോഗവും തടയുകയായിരുന്നു.
വൈകീട്ട് 4.30ന് പ്രകടനവും ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനവുമാണ് നടത്താനിരുന്നത്. ഇതിന് പൊലീസ് അനുമതി നൽകിയിരുന്നില്ല. അനുമതി ലഭിച്ചില്ലെങ്കിലും പരിപാടി നടത്താൻ എസ്.ഡി.പി.ഐ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ തടഞ്ഞത്. പൊലീസിന്റെ നിർദേശത്തെ തുടർന്നു പ്രകടനം ഒഴിവാക്കുകയും പിന്നീട് ചിറക്കൽ ക്ഷേത്രത്തിനു സമീപത്തെ ഗ്രൗണ്ടിൽ വെച്ച് ചെറു പൊതുയോഗം ചേർന്ന് അര മണിക്കൂറിനുള്ളിൽ പിരിഞ്ഞുപോകുകയുമായിരുന്നു.
വൻ പൊലീസ് സംഘം ഉച്ചയോടെ ബാലുശ്ശേരി ടൗണിൽ രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു. കൊയിലാണ്ടി തഹസിൽദാർ കെ. ഹരീഷ് നിരീക്ഷണത്തിനായും എത്തിയിരുന്നു. ജിഷ്ണുരാജിനെ തോട്ടിലെ വെള്ളത്തിൽമുക്കി ഭീഷണിപ്പെടുത്തുന്ന വിഡിയോ ദൃശ്യം കഴിഞ്ഞദിവസം പുറത്തുവന്നതോടെയാണ് എസ്.ഡി.പി.ഐയുടെ പ്രകടനത്തിനും പൊതുയോഗത്തിനും പൊലീസ് അനുമതി നിഷേധിച്ചത്.
ബാലുശ്ശേരിയിൽ ഇന്നലെ സംഘർഷ സാഹചര്യം നിലനിന്നിരുന്നുവെങ്കിലും പൊലീസിന്റെ ഇടപെടൽ മൂലം ഒഴിവാകുകയായിരുന്നു. പൊതുയോഗം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കെ. ജലീൽ സഖാഫി, സംസ്ഥാന സെക്രട്ടറി കെ. ഷമീർ, ജില്ല സെക്രട്ടറിമാരായ കെ.പി. ഗോപി, പി.ടി. മുഹമ്മദ്, ജില്ല കമ്മിറ്റി അംഗങ്ങളായ പി.വി. ജോർജ്, സലീം കാരാടി, മണ്ഡലം പ്രസിഡന്റ് നവാസ് നടുവണ്ണൂർ, സെക്രട്ടറി സലാം കപ്പുറം എന്നിവർ സംസാരിച്ചു.
മുസ്‍ലിം ലീഗ് പൊലീസ് സ്റ്റേഷൻ മാർച്ച് നാളെ
ബാലുശ്ശേരി: കോട്ടൂർ പഞ്ചായത്തിലെ പാലോളിയിൽ നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് മണ്ഡലം മുസ്‍ലിം ലീഗ് കമ്മിറ്റി. പാലോളിയിൽ എസ്.ഡി.പി.ഐ സ്ഥാപിച്ച ബോർഡ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ നിരപരാധികളായ ലീഗ് പ്രവർത്തകരെ വേട്ടയാടുന്ന പൊലീസ് നിലപാടിനെതിരെയാണ് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചത്. മാർച്ച് ബുധനാഴ്ച രാവിലെ 10ന് സംസ്ഥാന മുസ്‍ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യും. മണ്ഡലം കമ്മിറ്റി യോഗത്തിൽ സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക്, വി.കെ.സി. ഉമ്മർ മൗലവി, എം. പോക്കർ കുട്ടി, എം.കെ. അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.