ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ 14ന് സ്വകാര്യ ബസ് സൂചന പണിമുടക്ക്
text_fieldsബാലുശ്ശേരി: ബാലുശ്ശേരി -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ14 ന് സൂചന പണിമുടക്ക് നടത്തും. ഗതാഗത തടസ്സം കാരണം ബസുകൾക്ക് കൃത്യസമയം പാലിച്ച് സർവിസ് നടത്താൻ പറ്റാത്ത അവസ്ഥയാണെന്നും പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും ബസ് തൊഴിലാളി കോഓഡിനേഷൻ കമ്മിറ്റി അറിയിച്ചു.
വേങ്ങേരി ജങ്ഷനിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകാത്തതിനാൽ റൂട്ടുമാറി പോകേണ്ട മാവിളിക്കടവ് റൂട്ടിലെ തടസങ്ങളാണ് ബസ് ജീവനക്കാരെയും യാത്രക്കാരെയും പ്രതിസന്ധിയിലാക്കുന്നത്. ഇടുങ്ങിയ റോഡിലേക്ക് മറ്റു വലിയ വാഹനങ്ങൾകൂടി എത്തുന്നതോടെ ബസുകൾ ഓടിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. ഗതാഗത തടസം നേരിടുന്നതിനാൽ പല ട്രിപ്പുകളും മുടങ്ങുകയാണ്.
ഇത് ജീവനക്കാരുടെ വരുമാനത്തെയും ബാധിക്കുന്നുണ്ട്. അധിക ദൂരം സർവിസ് നടത്തേണ്ടി വരുന്നതിനാൽ ഇന്ധനച്ചെലവും വർധിച്ചിരിക്കയാണ്. ബസ് ഓണേഴ്സ് അസോസിയേഷൻ സ്കൂൾ തുറന്ന മൂന്നിന് പണിമുടക്ക് നടത്താൻ തീരുമാനിച്ചെങ്കിലും അധികൃതർ നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കുകയായിരുന്നു.
മാളിക്കടവ് - തണ്ണീർപന്തൽ റോഡിൽ അറ്റകുറ്റപണികൾ നടത്തുമെന്നും ചരക്കു ലോറികളെ മറ്റൊരു വഴിയിൽ തിരിച്ചുവിടുമെന്നുമായിരുന്നു അധികൃതർ ഉറപ്പ് പറഞ്ഞത്. എന്നാൽ ഇതൊന്നും നടപ്പിലാക്കിയില്ല. ഇതെ തുടർന്നാണ് 14 ന് സൂചന പണി മുടക്ക് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്ന് കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പി. വിജയൻ, ജനറൽ സെക്രട്ടറി പി.കെ. ഭാസ്കരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.