ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തും
text_fieldsബാലുശ്ശേരി: ബാലുശ്ശേരി-കോഴിക്കോട് റൂട്ടിൽ ജൂൺ മൂന്നു മുതൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തിവെക്കുന്നതായി ബസ് ഓണേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഏരിയ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് വേങ്ങേരി ജങ്ഷനിൽ നിർമിക്കുന്ന അണ്ടർപാസിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണെന്നും ജങ്ഷനിൽ ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കുന്നതിന്റെ പേരിൽ റോഡ് ബ്ലോക്കാ ക്കിയത് സ്വകാര്യ ബസുകൾക്ക് ഏറെ ദുരിതം സൃഷ്ടിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. ബാലുശ്ശേരി, നരിക്കുനി, കുന്ദമംഗലം, കക്കോടി, ചേളന്നൂർ, പട്ടർപാലം തുടങ്ങിയ റൂട്ടുകളിൽ സർവിസ് നടത്തുന്ന 168ഓളം ബസുകൾ ദിവസം 1200ഓളം ട്രിപ്പുകളാണ് നടത്തുന്നത്.
കോഴിക്കോട്ടേക്കുള്ള പോക്കുവരവ് മാളിക്കടവ് വഴി തിരിച്ചുവിട്ടതിനാൽ ഓരോ ട്രിപ്പിലും എട്ടു കിലോമീറ്ററോളമധികം ഓടേണ്ടതുണ്ടെന്നും ഇതിനായി നല്ലൊരു തുക പെട്രോൾ ചെലവായി വരുന്നുണ്ടെന്നും ഈ റൂട്ടിൽ ബസ് തൊഴിലാളികൾ തൊഴിലെടുക്കാൻ വിസമ്മതിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
മാത്രമല്ല, മാളിക്കടവ് വഴിയുള്ള ഇടുങ്ങിയ റൂട്ടിൽ അപകടങ്ങൾ നിത്യസംഭവമാണെന്നും വാഹനങ്ങളുടെ തള്ളിച്ച കാരണം ബസുകൾക്ക് കൃത്യസമയം പാലിക്കാൻ കഴിയുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
സർവിസ് നിർത്തിവെക്കുന്നതു സംബന്ധിച്ച് 15 ദിവസം മുമ്പേ ജില്ല കലക്ടർക്ക് കത്ത് നൽകിയിട്ടും ഒരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തിലാണ് ജൂൺ മൂന്നു മുതൽ അനിശ്ചിതകാലത്തേക്ക് ബസ് സർവിസ് നിർത്തിവെക്കാൻ തീരുമാനിച്ചതെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി.വി. ബാബു, ബാലുശ്ശേരി ഏരിയ ജോ. സെക്രട്ടറി സന്ദീപ് കൃഷ്ണ, ട്രഷറർ എ.പി. സുരേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.