ചാനൽ പ്രവർത്തകരെ ക്വാറി ജീവനക്കാർ ആക്രമിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ ജനവാസ മേഖലയിൽപെട്ട കിനാലൂർ മലയിലകത്തൂട്ട് കരിങ്കൽ ക്വാറിയുടെ വാർത്ത തയാറാക്കാനെത്തിയ ചാനൽ പ്രവർത്തകരെ ക്വാറി നടത്തിപ്പുകാർ ആക്രമിച്ചു.
കാമറ മാനടക്കം മൂന്നുപേർക്ക് പരിക്ക്. ചാനൽ പ്രവർത്തകരായ മുഹമ്മദ് ഷാഫി (36), വിനേഷ്‍കുമാർ , ക്വാറി ജീവനക്കാരനായ ഒ.പി. രാജൻ എന്നിവർക്കാണ് പരിക്കേറ്റത്. ബാലുശ്ശേരി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ന്യൂസ് 18 ചാനലിന്റെ വനിതയടക്കമുള്ള മൂന്നംഗ വാർത്തസംഘം ജനവാസകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ക്വാറിയുടെ വാർത്ത ശേഖരിക്കാനും വിഷ്വൽ എടുക്കാനുമായെത്തിയത്. ക്വാറിയുടെ വിഷ്വൽ എടുത്തു കൊണ്ടിരിക്കെ ക്വാറി നടത്തിപ്പുകാരിൽപെട്ട ഒ.പി. രാജന്റെ നേതൃത്വത്തിലെത്തിയ സംഘം കാമറമാനെയും മറ്റുള്ളവരെയും പിടിച്ചു തള്ളുകയും ആക്രമിക്കുകയുമായിരുന്നു.
ഇരുകൂട്ടരും തമ്മിൽ വാക്കേറ്റവും അക്രമവും നടന്നുകൊണ്ടിരിക്കെ സ്ഥലത്തുണ്ടായിരുന്ന വാർഡ് മെംബർ റിജു പ്രസാദ്, കോൺഗ്രസ് നേതാവ് നിജേഷ് അരവിന്ദ് എന്നിവർ ചേർന്ന് ഇരു വിഭാഗത്തെയും പിടിച്ചു മാറ്റി. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ബാലുശ്ശേരി പൊലീസ് സ്ഥിതിഗതികൾ ശാന്തമാക്കി.
ജനകീയ പ്രക്ഷോഭത്തെ തുടർന്നു 8 വർഷം മുമ്പ് പ്രവർത്തനം നിർത്തി വെച്ച ക്വാറിക്ക് അധികൃതർ വീണ്ടും പ്രവർത്തനാനുമതി നൽകിയതിൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. പനങ്ങാട് പഞ്ചായത്ത് ഭരണ സമിതി ക്വാറിക്കെതിരെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥ-ക്വാറി മാഫിയ കൂട്ടുകെട്ടിലൂടെയാണ് വീണ്ടും ക്വാറിക്ക് പ്രവർത്തന ലൈസൻസ് കിട്ടിയിട്ടുള്ളത്.
കക്കോടി മോരിക്കര സ്വദേശി മനോജിന്റെ ഉടമസ്ഥതയിലാണ് ക്വാറി പ്രവർത്തിക്കുന്നത്. 2019 ഡിസംബർ 7 മുതൽ 2023 മാർച്ച് 31 വരെയുള്ള പ്രവർത്തനത്തിനായി പനങ്ങാട് ഗ്രാമ പഞ്ചായത്തും ലൈസൻസ് നൽകിയിരുന്നു. മൈനിങ് ആൻഡ് ജിയോളജി വകുപ്പ് 2020 മുതൽ 10 വർഷത്തേക്കാണ് വീണ്ടും പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുള്ളത്. തോട്ടിൽ മീത്തൽ മലയുടെ മുകൾ ഭാഗത്ത് കോളനിയുണ്ട്. താഴെയായി നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.
മലയുടെ മുകളിൽ നിന്നായി ഒട്ടേറെ നീരുറവകൾ താഴോട്ട് ഒഴുകുന്നുണ്ട്. നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ കൂടിയായ നീരുറവകൾ ക്വാറി പ്രവർത്തനം കാരണം മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.
മർദനമേറ്റ മാധ്യമ പ്രവർത്തകർക്കെതിരെ കേസ്
ബാലുശ്ശേരി: ന്യൂസ് 18 സീനിയർ സ്പെഷൽ കറസ്‌പോണ്ടന്റ് വിനേഷ് കുമാർ, കാമറാമാൻ മുഹമ്മദ് ഷാഫി എന്നിവർക്കെതിരെയാണ് കേസ്.
പനങ്ങാട് പഞ്ചായത്ത് അംഗവും സി.പി.എം നേതാവുമായ റിജു പ്രസാദ്, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ് എന്നിവർക്കെതിരെയും ക്വാറി ഉടമയുടെ പരാതിയിൽ കേസെടുത്തു. മാധ്യമപ്രവർത്തകരുടെ പരാതിയിൽ ക്വാറി നടത്തിപ്പുകാരൻ ഒ.പി. രാജനെതിരെയും ബാലുശ്ശേരി പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.