പുനരുജ്ജീവന പദ്ധതി; ഒന്നാംഘട്ട പ്രവൃത്തി പാതിവഴിയിൽ
text_fieldsബാലുശ്ശേരി: മഞ്ഞപ്പുഴ പുനരുജ്ജീവന പദ്ധതിയുടെ ഒന്നാംഘട്ട പ്രവൃത്തി പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങൾ. രണ്ടുകോടി രൂപയുടെ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തിൽ നടപ്പാക്കാൻ ഉദ്ദേശിച്ചത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 27ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനായിരുന്നു നിർവഹിച്ചത്.
ഏപ്രിലിൽ പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലക്കുകയായിരുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഊന്നൽ നൽകിയിരുന്നത്.
മഞ്ഞപ്പുഴയുടെ പ്രധാന കൈവഴിയായ കോട്ട നടപ്പുഴയിൽ അടിഞ്ഞുകൂടിയ മണ്ണ് നീക്കി ജലസംഭരണശേഷി വർധിപ്പിക്കാനും കരയുടെ ഇരുഭാഗങ്ങളിലും കരിങ്കൽ ഭിത്തികെട്ടി കൈവരികളോടെ നടപ്പാലം നിർമാണം, ആറാളക്കൽ താഴെ തടയണ നിർമാണം, കാട്ടാമ്പള്ളി ബണ്ടിന്റെ കേടുവന്ന ഭിത്തി പുനർനിർമാണം, ജലസേചനത്തിനായി മോട്ടോർ സ്ഥാപിക്കൽ എന്നീ പ്രവൃത്തികളാണ് ഒന്നാംഘട്ടത്തിലുള്ളത്.
കോട്ട നടപ്പുഴയിൽ കാക്കാകുനി ഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കിയെങ്കിലും തുടർച്ചയായി പെയ്ത മഴയിൽ, കരക്ക് കൂട്ടിയിട്ട മണ്ണ് പുഴയിലേക്കുതന്നെ ഒലിച്ചിറങ്ങി.
നേരത്തെയുണ്ടായിരുന്ന തകർന്ന തടയണ പൊളിച്ചുമാറ്റുകയും ചെയ്തതോടെ പുഴക്കക്കരെ എത്താൻ നാട്ടുകാർ ഏറെ പ്രയാസപ്പെടുകയാണിപ്പോൾ. കരയുടെ ഇരു ഭാഗങ്ങളിലും കരിങ്കൽ ഭിത്തി കെട്ടിയതും ഭാഗികമായി തകർന്ന നിലയിലായിട്ടുണ്ട്.
പുഴയിലെ വെള്ളം കുറയാതെ പ്രവൃത്തികൾ തുടങ്ങാൻ പറ്റാത്ത അവസ്ഥയുമുണ്ട്. ഇതിനിടെ, നവകേരള മിഷൻ സംസ്ഥാന സംഘം മഞ്ഞപ്പുഴ, രാമൻപുഴ പ്രദേശങ്ങൾ സന്ദർശിച്ച് സംരക്ഷണത്തിനായി സമഗ്ര മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.