ബാലുശ്ശേരിയിൽ യുവരക്തം
text_fieldsകോഴിക്കോട്: അഞ്ചു പതിറ്റാണ്ടിന് ശേഷം വിജയം സ്വന്തമാക്കാമെന്ന കോൺഗ്രസിെൻറ പ്രതീക്ഷകൾ തൂത്തെറിഞ്ഞാണ് ബാലുശ്ശേരിയിൽ യുവനേതാവ് കെ.എം. സചിൻദേവിെൻറ അതിഗംഭീര ജയം. ബാലുശ്ശേരി കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സചിൻദേവ് നിയമസഭയിലേക്ക് നടന്നുകയറുേമ്പാൾ തകർന്നടിഞ്ഞത് 'സെലിബ്രിറ്റി' പദവിയുണ്ടായിരുന്ന നടൻ ധർമജൻ ബോൾഗാട്ടിയുടെ സ്വപ്നമാണ്. ഉറപ്പുള്ള സംഘടന സംവിധാനമുള്ള സി.പി.എമ്മിെൻറ പ്രചാരണമികവും സചിന് തുണയായി. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ എം.എൽ.എ എന്ന നേട്ടവും സചിെൻറ പേരിലായി.
20,372 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ എൽ.ഡി.എഫ് സ്ഥാനാർഥി വമ്പൻ കുതിപ്പാണ് നടത്തിയത്. ആകെയുള്ള ഒമ്പത് പഞ്ചായത്തുകളിൽ കൂരാച്ചുണ്ടിൽ മാത്രമാണ് ധർമജന് ലീഡുള്ളത്. 742 വോട്ടാണ് യു.ഡി.എഫ് ഭരിക്കുന്ന കൂരാച്ചുണ്ടിൽ ധർമജൻ നേടിയ ലീഡ്. യു.ഡി.എഫ് ഭരണമുള്ള അത്തോളിയും ഉണ്ണികുളവും സചിനൊപ്പം നിന്നു. ഒപ്പം മറ്റ് എൽ.ഡി.എഫ് പഞ്ചായത്തുകളും. പോസ്റ്റൽ വോട്ടുകൾ എണ്ണിയ ആദ്യസമയത്ത് ധർമജൻ 43 വോട്ടിന് മുന്നിലായിരുന്നു. എന്നാൽ, വോട്ടിങ് മെഷീനിലെ വോട്ടെണ്ണിത്തുടങ്ങിയപ്പോൾ മുതൽ സചിൻ തിരിഞ്ഞുനോക്കിയില്ല.
നടുവണ്ണൂർ പഞ്ചായത്തിലെ വിവിധ മണ്ഡലങ്ങളുൾപ്പെടുന്ന ആദ്യ റൗണ്ടിൽ 695 വോട്ടിനായിരുന്നു സചിൻ മുന്നിൽ. അവസാന റൗണ്ട് വരെ ലീഡ് ഉയർത്തികൊണ്ടുവന്നു. കഴിഞ്ഞ വർഷം പുരുഷൻ കടലുണ്ടി നേടിയ 15,464 വോട്ടിെൻറ ഭൂരിപക്ഷമെന്ന ബാലുശ്ശേരിയിലെ റെക്കോഡാണ് സചിൻ തകർത്തത്. കഴിഞ്ഞ തവണ 19,324 വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ 16,490 വോട്ട് മാത്രമാണ് കിട്ടിയത്. സചിൻ ദേവിന് 91,839 ഉം ധർമജന് 71,467 വോട്ടുമാണ് ലഭിച്ചത്.
അഡ്വ. കെ.എം. സചിൻ ദേവ്
27 വയസ്സ്. ഏറ്റവും പ്രായം കുറഞ്ഞ വിജയി. പിതാവ് കെ.എം. നന്ദകുമാർ. മാതാവ് ഷീജ. സഹോദരി: കെ.എം. സാന്ദ്ര. മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളജ്, കോഴിക്കോട് ലോ കോളജ് എന്നിവിടങ്ങളിൽ പഠനം. ചെറുപ്പം മുതൽ പൊതുപ്രവർത്തനം തുടങ്ങി. ആർട്സ് കോളജ് വിദ്യാർഥി യൂനിയൻ ചെയർമാനായിരുന്നു. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോ. സെക്രട്ടറി, സി.പി.എം ടൗൺ ഏരിയ കമ്മിറ്റി അംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.