ലഡാക്കിലെ ലേയിൽ മരിച്ച സുധീഷിന് കണ്ണീരോടെ നാടിന്റെ വിട
text_fieldsബാലുശ്ശേരി: ജമ്മു ലഡാക്കിലെ ലേ സൈനിക ക്യാമ്പിൽ ഹൃദയാഘാതത്താൽ മരിച്ച സൈനികൻ സുധീഷിന് (40) കണ്ണീരോടെ നാടിന്റെ വിട. ജമ്മുവിലെ ലേ സൈനിക പോസ്റ്റിലെ താമസസ്ഥലത്ത് കഴിഞ്ഞ ഞായറാഴ്ചയാണ് സുധീഷ് ഹൃദയാഘാതത്താൽ മരിച്ചത്.
ലേ എ.എസ് കോർപ്സിൽ ഹവിൽദാർ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്ന സുധീഷിന്റെ മൃതദേഹം ഇന്നലെ ഉച്ചക്ക് 12 ഓടെ പുത്തൂർവട്ടത്തെ കോണങ്കോട്ട് ചാലിലെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ലഡാക്കിൽനിന്ന് സുധീഷിന്റെ മൃതദേഹം ചൊവ്വാഴ്ച രാത്രി 10.30ടെയാണ് കരിപ്പൂരിലെത്തിയത്. തുടർന്ന് രാത്രി 12 ഓടെതന്നെ ബാലുശ്ശേരിയിലെത്തിച്ചു. രാത്രിയോടെതന്നെ പുത്തൂർവട്ടം അങ്ങാടിയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതുദർശനത്തിനു വെച്ച മൃതദേഹത്തിൽ രാത്രിയിലും ഇന്നലെ രാവിലെമുതൽക്കും നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായെത്തിയത്.
രാവിലെ 10 ഓടെ മൃതദേഹം വീട്ടിലേക്കെത്തിച്ചു. പ്രിയതമനെ അവസാന ഒരുനോക്കു കാണാൻ ചികിത്സയിൽ കഴിയുന്ന ഭാര്യ അഞ്ജുവും അച്ഛന് അന്ത്യചുംബനമർപ്പിക്കാൻ മക്കളായ അജിത് കൃഷ്ണയും അദ്വൈതും എത്തിയത് കൂടിനിന്നവരുടെ കണ്ണുനനയിപ്പിച്ചു. മകനെ അവസാനമായി ഒരു നോക്കുകാണാനായി അമ്മ ഗീതയും അച്ഛൻ ബാലകൃഷ്ണനും സഹോദരങ്ങളായ സുരേഷ് ബാബുവും ഷാജുവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അരികത്തുതന്നെയുണ്ടായിരുന്നു. ലഡാക്കിൽ സുധീഷിന്റെതന്നെ യൂനിറ്റിലെ നായക് പി.എസ്. യദുകൃഷ്ണൻ മൃതദേഹത്തിനൊപ്പം എത്തിയിരുന്നു.
സുബേദാർ വി. സന്തോഷിന്റെ നേതൃത്വത്തിൽ വെസ്റ്റ് ഹിൽബാരക്സിലെ മദ്രാസ് 122 ഇൻഫാൻട്രി ബറ്റാലിയനിലെ 16 ഓളം പേരുടെ സൈനിക അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലേക്കെത്തിച്ചത്. സൈനിക ഗാഡ് ഓഫ് ഓണറിനുശേഷം ബാലുശ്ശേരി പൊലീസ് എസ്.എച്ച്.ഒ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സേനയും മൃതദേഹത്തിൽ ഗാഡ് ഓഫ് ഓണർ നൽകി. എക്സ് സർവിസ്മാൻ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസിലെ 20പതോളം അംഗങ്ങളും സംസ്കാരച്ചടങ്ങുകൾ നിയന്ത്രിക്കാനെത്തിയിരുന്നു.
സതേൺ കമാൻഡ് ജി.ഒ.സി, ചീഫ് ഓഫ് ആർമി സ്റ്റാഫ്, ജി.ഒ.സി. ലേ സബ് ഏരിയ, ജി.ഒ.സി കെ ആൻഡ് കെ സബ് ഏരിയ, എസ്.ടി. എൻ- സി.ഡി.ആർ കണ്ണൂർ, ആർമ്ഡ് കോർപ്സ് വെട്രേൻസ്, എ.എസ്.സി വെട്രേൻസ്, സൂപ്രണ്ട് ഓഫ് പൊലീസ് കോഴിക്കോട് എന്നിവർക്കുവേണ്ടി മൃതദേഹത്തിൽ റീത്തു സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ് അസ്സയിനാർ, വാർഡ് അംഗങ്ങളായ ബീന കാട്ടുപറമ്പത്ത്, എം. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, സി.പി.എം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ, കെ. ബാലകൃഷ്ണൻ കിടാവ്, കെ. രാമചന്ദ്രൻ മാസ്റ്റർ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. സംസ്കാരശേഷം പുത്തൂർവട്ടം അങ്ങാടിയിൽ നടന്ന സർവകക്ഷി അനുശോചനയോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം കെ. രാമചന്ദ്രൻ മാസ്റ്റർ, സി.പി.എം ലോക്കൽ സെക്രട്ടറി പി.പി. രവീന്ദ്രനാഥ്, കെ.എം. ഉമ്മർ, കെ.കെ. കരുണാകരൻ, കെ. അഹമ്മദുകോയ, സി. അശോകൻ, ഗോപാലൻ, എം.കെ. ഭാസ്കരൻ തിരുവോട്ട് രവീന്ദ്രൻ, ഭരതൻ പുത്തൂർവട്ടം, അസ്സയിനാർ എമ്മച്ചം കണ്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.