അമിതവേഗവും എയർഹോണും: കോഴിക്കോട്-ബാലുശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകളുടെ വിളയാട്ടം
text_fieldsനന്മണ്ട: ബസ്യാത്രക്കാർക്കും മറ്റു വാഹനങ്ങൾക്കും ഭീഷണിയായി സ്വകാര്യ ബസുകളുടെ വിളയാട്ടം. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ സ്വകാര്യ ബസുകളാണ് മനുഷ്യജീവന് ഭീഷണിയാകുന്നത്. ബസ് സ്റ്റാർട്ട് ചെയ്യുന്നത് മുതൽ സർവിസ് അവസാനിപ്പിക്കുന്നതുവരെ നിരോധിത എയർ ഹോണടിച്ചാണ് മിക്ക ബസുകളും പരക്കം പായുന്നത്.
അമിതവേഗവും പെട്ടെന്നുള്ള ബ്രേക്കിടലും കാരണം സ്ത്രീകളും കുട്ടികളുമടക്കം ജീവൻ പണയംവെച്ച് യാത്രചെയ്യേണ്ട അവസ്ഥയാണ്. കാറും ഇരുചക്രവാഹനങ്ങളുമടക്കമുള്ള ചെറുവാഹനങ്ങളെ പരിഗണിക്കാതെയാണ് ബസുകൾ പറപറക്കുന്നത്. രണ്ടു ബസുകൾ തമ്മിൽ നിശ്ചിത സമയം ഇടവേളകളുണ്ടായിട്ടും ഗതാഗതക്കുരുക്കും മറ്റും കാരണം പറഞ്ഞാണ് ഈ കുതിപ്പ്.
യാത്രക്കാർ താരതമ്യേന കുറവുള്ള ഉച്ചസമയങ്ങളിൽ ഇഴഞ്ഞുനീങ്ങുന്ന ബസുകളാണ് വൈകുന്നേരങ്ങളിലും രാവിലെയും മിന്നൽവേഗത്തിൽ കുതിക്കുന്നത്. ശനിയാഴ്ച വൈകീട്ട് ബാലുശ്ശേരി ബസ് സ്റ്റാൻഡിൽ ബസുകാർ തമ്മിൽ ഏറ്റുമുട്ടി ഭീകരാന്തരീക്ഷമുണ്ടാക്കിയിരുന്നു. കോഴിക്കോട്-ബാലശ്ശേരി റുട്ടിലോടുന്ന യൂനിറ്റി ബസിലെ ഡ്രൈവർ കോഴിക്കോട്-കുറുമ്പൊയിൽ റൂട്ടിലെ ഹനുജ ബസിന്റെ കണ്ണാടികൾ അടിച്ചുതകർത്തിരുന്നു.
ബാലുശ്ശേരി പൊലീസ് ബസുകളും ജീവനക്കാരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് നിന്ന് ബാലുശ്ശേരിക്കുള്ള യാത്രക്കിടെ ഇതേ ബസിന്റെ അമിതവേഗത്തെ ചോദ്യംചെയ്ത വീട്ടമ്മയോട് ഡ്രൈവർ മോശമായി പെരുമാറിയതായി പരാതിയുണ്ട്.
കഴിഞ്ഞ ദിവസം പൊലീസ് നടപടിയെടുത്ത അതേ ബസാണ് തൊട്ടടുത്ത ദിവസവും നിയമലംഘനം നടത്തിയത്. ഇതേ ബസിന്റെ അമിതവേഗത്തെ ചോദ്യംചെയ്ത് കാർ യാത്രക്കാരനും രംഗത്തെത്തി. ബാലുശ്ശേരി മുക്കിൽവെച്ച് ഡ്രൈവറെ താക്കീതും ചെയ്തു.
ബസുകളുടെ നിയമലംഘനങ്ങൾക്കെതിരെ പൊലീസും മോട്ടോർവാഹന വകുപ്പും കർശന നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം. നന്മണ്ടയിൽ ജോ. ആർ.ടി.ഒ അധികൃതരുണ്ടെങ്കിലും ബസുകളുടെ അമിതവേഗവും എയർഹോണടിയും തടയുന്നതിൽ വിമുഖത കാട്ടുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
തൊഴിലാളി യൂനിയനുകളും ഉടമകളുടെ സംഘടനകളും സ്വാധീനം ചെലുത്തി ബസ് ജീവനക്കാരെ രക്ഷപ്പെടുത്തുന്നതാണ് നിയമലംഘനം കൂടാൻ കാരണമെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.