കിനാലൂരിൽ എയിംസിന് 40 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ ഉത്തരവ്
text_fieldsബാലുശ്ശേരി: കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമില്ലെങ്കിലും കിനാലൂരിൽ എയിംസിനായി 40 ഏക്കർ ഭൂമികൂടി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. കിനാലൂർ, കാന്തലാട് വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ജനവാസമുള്ള 40 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവ്.
കിനാലൂർ വ്യവസായ വികസന കേന്ദ്രത്തിന്റെ കാറ്റാടി, ചാത്തൻ വീട്, കിഴക്കെ കുറുമ്പൊയിൽ, കാന്തലാട് ഭാഗങ്ങളിലായി 160 ഏക്കർ ഭൂമി വ്യവസായ വകുപ്പ് നേരത്തെ തന്നെ എയിംസിനായി വിട്ടുകൊടുത്തിട്ടുണ്ട്. ഇതിനു പുറമെ അധികമായി കണ്ടെത്തിയ 40 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാനാണ് ഉത്തരവിറങ്ങിയിട്ടുള്ളത്. എയിംസ് സ്ഥാപിക്കാനായി 200 ഏക്കർ ഭൂമി കൈമാറുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ നവംബറിൽ തന്നെ അധിക ഭൂമി ഏറ്റെടുക്കാനുള്ള നടപടി ആരംഭിക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പ് സ്ഥലത്തിന്റെ ലഭ്യത സംബന്ധിച്ച് വിശദമായ സ്കെച്ചും തയാറാക്കി നൽകിയിരുന്നു. വില്ലേജ് ഓഫിസുകളിൽനിന്നും ആവശ്യമായ റിപ്പോർട്ടുകൾ നേരത്തെതന്നെ താലൂക്കു ഓഫിസിലേക്ക് സമർപ്പിച്ചിട്ടുണ്ട്.
കിനാലൂർ വില്ലേജിലെ 20 ഏക്കർ ഭൂമിയും കാന്തലാട് വില്ലേജിൽനിന്ന് 20 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കുക. രണ്ടു വില്ലേജുകളിലുമായി 25 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവരുടെ സ്ഥലം ഏറ്റെടുക്കുമ്പോൾ മതിയായ നഷ്ടപരിഹാരമോ ബദൽ സംവിധാനമോ ഒരുക്കേണ്ടിവരും. സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്തേണ്ടതുണ്ട്. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥസംഘത്തെ നിയോഗിക്കേണ്ടിവരും. പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലം അക്വയർ ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കുക. ജില്ലാ കലക്ടർക്കാണ് ചുമതല.
കഴിഞ്ഞ നവംബർ 20ന് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് കിനാലൂരിലെ നിർദിഷ്ടസ്ഥലം സന്ദർശിച്ചിരുന്നു. മന്ത്രിയെ കണ്ട നാട്ടുകാർ എയിംസ് സ്ഥാപിക്കാനായി ആവശ്യമായ സ്ഥലം വിട്ടുനൽകാൻ തയാറാണെന്നും അറിയിച്ചിരുന്നു. എയിംസ് സ്ഥാപിക്കുകയാണെങ്കിൽ മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠന ഗവേഷണങ്ങൾക്കും മികച്ച ചികിത്സ സൗകര്യം ലഭ്യമാക്കുന്നതിനും ഭാവിയിലെ വികസനവും കൂടി ലക്ഷ്യമിട്ടാണ് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത്.
2025ഓടെ രാജ്യത്ത് 22 പുതിയ എയിംസ് ആശുപത്രികൾ പ്രവർത്തനമാരംഭിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ മറ്റു സംസ്ഥാനങ്ങളിൽ പുതിയ എയിംസ് പ്രഖ്യാപനമുണ്ടെങ്കിലും ഏറെക്കാലമായി തുടരുന്ന മുറവിളിക്ക് ഇത്തവണയെങ്കിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.