റവന്യൂ ഭൂമി തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരില്ല; സംസ്ഥാന പാത നവീകരണം സ്തംഭിക്കുന്നു
text_fieldsബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത സർവേ നടത്തി റവന്യൂ ഭൂമി തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരില്ലാത്തത് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമാകുന്നു.
12 മീറ്റർ വീതിയിൽ സംസ്ഥാന പാത നവീകരണ പ്രവൃത്തി സുഗമമായി നടത്താൻ സ്വകാര്യ വ്യക്തികൾ റോഡ് കൈയേറിയ ഇടങ്ങൾ കണ്ടെത്താനായി കൊയിലാണ്ടി-താമരശ്ശേരി താലൂക്കുകളിൽനിന്നായി നാല് സർവേയർമാരെ നിയോഗിച്ചിരുന്നു.
എന്നാൽ, ഇവർക്ക് മറ്റു ചുമതലകൾ നൽകി സ്ഥലംമാറ്റം നൽകിയതോടെ ഭൂസർവേ നടത്താൻ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന പാതയിൽ അറപ്പീടിക മരപ്പാലം കലുങ്ക് പുനർ നിർമിക്കുന്നതിനായുള്ള പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങിയെങ്കിലും ഇവിടെ സർവേ നടത്തി റവന്യൂ ഭൂമി തിട്ടപ്പെടുത്താൻ കഴിയാത്തതിനാൽ കലുങ്ക് നിർമാണം തടസ്സപ്പെട്ടു.
നേരത്തെ ഇവിടെയുണ്ടായിരുന്ന കലുങ്കിന് എട്ടു മീറ്റർ വീതിയാണുണ്ടായിരുന്നത്. കലുങ്കിന്റെ പാർശ്വഭാഗങ്ങൾ സ്വകാര്യ വ്യക്തികൾ കൈയേറിയ നിലയിലാണ്.
റവന്യൂ വകുപ്പധികൃതർ സർവേ നടത്തി ഭൂമി തിട്ടപ്പെടുത്തിക്കൊടുത്തില്ലെങ്കിൽ 12 മീറ്റർ വീതിയിൽ നവീകരിക്കുന്ന റോഡിൽ എട്ടു മീറ്റർ വീതിയിൽ കലുങ്ക് നിർമിക്കേണ്ടിവരുമെന്നാണ് പണി ഏറ്റെടുത്ത കരാർ കമ്പനിക്കാർ പറയുന്നത്. ഇത് റോഡിൽ അപാകത സൃഷ്ടിക്കുമെന്നും നടപ്പാതപോലും നിർമിക്കാൻ കഴിയില്ലെന്നുമാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ വ്യക്തികളുടെ താൽപര്യ പ്രകാരമാണ് സർവേ ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റിയതെന്ന ആരോപണവും നാട്ടുകാർക്കുണ്ട്. എത്രയും വേഗം ഭൂസർവേ നടത്തി റോഡ് നവീകരണ പ്രവൃത്തിയുടെ തടസ്സങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.