തലയാട്–വയലട റോഡ് തകർച്ചയിലേക്ക്
text_fieldsബാലുശ്ശേരി: ക്വാറിയിൽ നിന്നുള്ള ടിപ്പറുകളുടെ നിരന്തര യാത്ര കാരണം തലയാട്-വയലട റോഡ് തകർച്ചയിലേക്ക്. വയലട ക്വാറിയിൽനിന്ന് കല്ല് കയറ്റി നിരവധി ലോറികളാണ് ദിവസവും വയലട-തലയാട് റോഡിലൂടെ യാത്രചെയ്യുന്നത്. അമിതഭാരം കയറ്റി പോകുന്ന ലോറികളുടെ സഞ്ചാരം കാരണം റോഡിലെ രണ്ടു കലുങ്കുകൾ ഒരു മാസം മുമ്പാണ് തകർന്നത്. മണിച്ചേരി അംഗൻവാടിക്ക് അടുത്തുള്ള മൂന്നാമത്തെ കലുങ്കും ഇപ്പോൾ അപകടാവസ്ഥയിലാണ്. മണിച്ചേരി ഭാഗത്ത് റോഡോരത്തെ കരിങ്കൽകെട്ടുകളും ഇടിഞ്ഞുതാഴ്ന്നു.
ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായി വികസിച്ചുവരുന്ന വയലട മുള്ളൻ പാറയിലേക്ക് നിരവധി സഞ്ചാരികളാണ് വാഹനത്തിലെത്തുന്നത്. സഞ്ചാരികൾക്ക് റോഡിെൻറ ശോച്യാവസ്ഥ കാരണം പലപ്പോഴും മടങ്ങിപ്പോകേണ്ട അവസ്ഥയാണ്. മണിച്ചേരി ഭാഗത്ത് തകർന്ന കലുങ്ക് പുതുക്കിപ്പണിയാൻ 40 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി അനുവദിച്ചിരുന്നു.
കലുങ്കിെൻറ പ്രവൃത്തി നടന്നുവരുകയാണ്. മറ്റു കലുങ്കുകളും തകർന്ന നിലയിലാണ്. ക്വാറിയിൽനിന്നുള്ള ലോറികളുടെ വരവ് അവസാനിക്കാതെ റോഡ് നവീകരിച്ചിട്ട് കാര്യമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
പ്രദേശവാസികൾ ക്വാറിക്കെതിരെ പലവട്ടം പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചെങ്കിലും അധികൃതർക്ക് ഒരു ഇളക്കവും ഉണ്ടായിട്ടില്ല. കാവുംപുറം ഭാഗങ്ങളിൽ വലിയ കെട്ട് തകർന്ന് റോഡ് അപകടഭീഷണിയിലാണ്.
ഓവുചാൽ നിർമിച്ച് റോഡ് പൂർണമായും പുതുക്കിപ്പണിയുകയും ക്വാറിയിൽനിന്ന് അമിതഭാരം കയറ്റി വരുന്ന ടിപ്പർ ലോറികൾ തടയുകയും ചെയ്താൽ മാത്രമേ ഈ മലയോര റോഡ് സംരക്ഷിച്ചുനിർത്താൻ കഴിയുകയുള്ളൂ എന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.