തലയാട് മലയോര ഹൈവേ നിർമാണപ്രവൃത്തി തുടങ്ങി
text_fieldsബാലുശ്ശേരി: തലയാട് പടിക്കൽവയൽ 28ാം മൈൽ മലയോര ഹൈവേ നിർമാണപ്രവൃത്തി തുടങ്ങി. പടിക്കൽ വയൽ മുതൽ 28ാം മൈൽ വരെയുള്ള 6.75 കിലോമീറ്റർ നീളമുള്ള റോഡ് ഡി.ബി.എം നിലവാരത്തിലാണ് നിർമിക്കുന്നത്. ഒമ്പതു മീറ്റർ ഗാരേജ് വേയും ഇരുഭാഗങ്ങളിൽ ഡ്രെയ്നേജ് സംവിധാനവുമുൾപ്പെടെ 12 മീറ്റർ വീതിയിലാണ് റോഡ് നിർമിക്കുക. കിഫ്ബിയിൽനിന്ന് ഇതിനായി 47 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം മൂന്നിനാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
ഒന്നാം ഘട്ടത്തിൽ നിലവിലെ റോഡ് സൈഡിൽ കരിങ്കൽക്കെട്ട് നിർമിച്ച് റോഡിന്റെ വീതികൂട്ടിയെടുക്കുന്ന പ്രവൃത്തിയാണ് നടത്തുന്നത്. തലയാട് -കക്കയം റോഡിലെ മൂന്നു ഹെയർപിൻ വളവുകളടക്കം വീതികൂട്ടിയെടുക്കേണ്ടതുണ്ട്.
കൂരാച്ചുണ്ട് ടൗണിൽ സ്ഥലമെടുപ്പ് നടപടികൾ നടന്നുവരുകയാണ്. മലയോര ഹൈവേ പൂർത്തിയാകുന്നതോടെ കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, വയലട തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ യാത്ര സുഗമമാകും. ഈ മേഖലയിലെ പ്രധാന അങ്ങാടികളായ കൂരാച്ചുണ്ട്, തലയാട് പ്രദേശങ്ങളും വികസന കുതിപ്പിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.