യുവാവിന്റെ മരണത്തിലെ ദുരൂഹത; സമഗ്രാന്വേഷണം വേണമെന്ന് കുടുംബം
text_fieldsബാലുശ്ശേരി: തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ പട്ടികജാതി യുവാവിന്റെ മരണം കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നുാ കുടുംബം. കിനാലൂർ വട്ടക്കുളങ്ങരതോട്ടത്തിൽ പൊയിൽ ദിലീപിനെയാണ്(29) കഴിഞ്ഞ ആഗസ്റ്റ് 26ന് വീട്ടിനുസമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ മരണം കൊലപാതകമാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം റൂറൽ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ സ്ത്രീയെയും കിനാലൂർ സ്വദേശിയായ യുവാവിനെയും കഴിഞ്ഞ ദിവസം ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. സ്ത്രീയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവാവിനെ പെരുമ്പാവൂരിലെ ജോലിസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.
ചോദ്യം ചെയ്തശേഷം രണ്ടുപേരെയും പൊലീസ് വിട്ടയച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ അപർണയും ബന്ധുക്കളും പരാതി നൽകിയത്. മൃതദേഹം കണ്ടെത്തിയ തോട്ടിൽ മുങ്ങിമരിക്കാനുള്ള വെള്ളം ഇല്ലായിരുന്നുവെന്നും ദിലീപിന് നീന്തൽ അറിയാമെന്നും മൃതദേഹത്തിൽ മുഖത്ത് കണ്ണിന് താഴെയായി മുറിവും തലയുടെ പിൻഭാഗത്ത് മുഴച്ചിരുന്നതായും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.
എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണമാണെന്നാണുള്ളത്. മരണവുമായി ബന്ധപ്പെട്ട് അമ്പതിലധികം പേരെ പൊലീസ് ഇതിനകം ചോദ്യംചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തിയാലേ മരണത്തിലെ ദുരൂഹത കണ്ടെത്താനാകുകയുള്ളൂ എന്ന് ബാലുശ്ശേരി പൊലീസ് സി.ഐ എം.കെ. സുരേഷ്കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.