വേനൽ മഴ ചാറ്റൽമഴയായി; മലയോരമേഖലയിൽ വരൾച്ച രൂക്ഷം
text_fieldsബാലുശ്ശേരി: വേനൽമഴ ചാറ്റൽമഴയായതോടെ മലയോര മേഖലയിൽ വരൾച്ച രൂക്ഷം. ബാലുശ്ശേരി, തലയാട് മേഖലയിൽ ഇന്നലെ ഉച്ചയോടെ നേരിയ ചാറ്റൽമഴ പെയ്തെങ്കിലും ചൂടിന് ആശ്വാസമായില്ല. ബാലുശ്ശേരി-പനങ്ങാട് മേഖലയിലെ മുഖ്യ ജലസ്രോതസ്സായ കോട്ടനടപ്പുഴ വറ്റിവരണ്ട നിലയിലാണ്. മലയോര മേഖലയിൽപ്പെട്ട തലയാട് ചീടിക്കുഴി ഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന പൂനൂർ പുഴ ഉത്ഭവസ്ഥാനത്തുതന്നെ വറ്റിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ ഭാഗങ്ങളിൽ പുഴ വെറും നീർച്ചാൽ മാത്രമായി.
പൂനൂർ പുഴയിലെ വെള്ളത്തെ ആശ്രയിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളുണ്ട്. വരൾച്ചയെ പ്രതിരോധിക്കാനായി മുമ്പ് പുഴയിൽ താൽക്കാലിക തടയണകൾ നിർമിച്ചിരുന്നു. ഏതാനും വർഷങ്ങളായി താൽക്കാലിക തടയണകൾ നിർമിക്കുന്നില്ല. സ്ഥിരം തടയണകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
കിണറുകളിൽ വെള്ളം കിട്ടാത്ത അവസ്ഥയാണ്. തലയാട്, വയലട മങ്കയം മേഖലകളിൽ കുടിവെള്ളത്തിനായി നാട്ടുകാർക്ക് ആശ്രയം മലയിൽ നിന്നുള്ള ഉറവകളാണ്. കുളങ്ങളും തോടുകളും ഉറവകളും ഏതാണ്ട് വറ്റിവരണ്ട നിലയിലാണ്. ഭൂരിഭാഗവും വറ്റി. ഇത്തവണ വേനൽ മഴ കിട്ടാത്തതും വരൾച്ച രൂക്ഷമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.