കക്കയം 26ാം മൈലിലെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കാടുകയറി നശിക്കുന്നു
text_fieldsബാലുശ്ശേരി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) കക്കയം 26ാം മൈലിൽ നിർമിച്ച ടൂറിസം ഫെസിലിറ്റേഷൻ സെന്റർ കാടുകയറി നശിക്കുന്നു. കക്കയത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി ടെലിസ്കോപ്പിക് സെന്റർ, റസ്റ്റാറന്റ്, രണ്ട് എ.സി മുറികൾ, ഡോർമിറ്ററി, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടുകൂടി എട്ടു വർഷം മുമ്പ് നിർമിച്ച മൂന്നുനില കെട്ടിടമാണ് അനാഥമായി കാടുപിടിച്ച് നശിക്കുന്നത്.
കേരള ടൂറിസം വകുപ്പിനുകീഴിലുള്ള ഡി.ടി.പി.സി ഒരു കോടിയിലധികം രൂപ ചെലവാക്കിയാണ് കെട്ടിടം നിർമിച്ചത്. പി.ബി. സലീം ജില്ല കലക്ടറായിരിക്കെയാണ് ഫെസിലിറ്റേഷൻ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചത്. കക്കയത്തെ ജാക്സൻ എന്നയാളുടെ ഭൂമിയിൽനിന്നും 15 സെന്റ് സ്ഥലം സൗജന്യമായാണ് ഡി.ടി.പി.സിക്ക് നൽകിയത്.
വിവിധ കാരണങ്ങൾ പറഞ്ഞ് കൂരാച്ചുണ്ട് പഞ്ചായത്ത് കെട്ടിടത്തിന് നമ്പർ നൽകാൻ തയാറാകാത്തതാണ് പദ്ധതി മുടങ്ങാൻ കാരണമെന്നാണ് സ്ഥലം നൽകിയ ജാക്സൻ പറയുന്നത്. എന്നാൽ, കെട്ടിടത്തിൽ പാർക്കിങ് സൗകര്യവും ഫയർ റെസ്ക്യൂ സംവിധാനവുമില്ലെന്ന കാരണത്താലാണ് കെട്ടിട നമ്പർ നൽകാത്തതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
കെട്ടിടനമ്പർ കിട്ടാത്തതിനാൽ വൈദ്യുതി കണക്ഷനും കിട്ടിയിട്ടില്ല. കക്കയം കരിയാത്തൻപാറയിലും തോണിക്കടവിലും കക്കയം ഡാം സൈറ്റിലും വിനോദസഞ്ചാര വികസനങ്ങൾ തുടങ്ങുന്നതിനു മുന്നേ ആരംഭിച്ചതാണ് 26ാം മൈലിലെ ടൂറിസം ഫെസിലിറ്റേഷൻ സെന്റർ. എന്നാൽ, തോണിക്കടവിലും കരിയാത്തൻപാറയിലും കക്കയം ഡാം സൈറ്റിലും ഇതിനകംതന്നെ കോടികൾ ചെലവാക്കി ടൂറിസം വികസനങ്ങൾ നടന്നുകഴിഞ്ഞു.
പഞ്ചായത്തിന്റെ കെടുകാര്യസ്ഥതയും സ്ഥാപിത രാഷ്ട്രീയ താൽപര്യവുമാണ് കോടികൾ മുടക്കിയ ഡി.ടി.പി.സിയുടെ കെട്ടിടം നശിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ടൂറിസം ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം മുന്നോട്ടുപോകുന്നില്ലെങ്കിൽ സൗജന്യമായി നൽകിയ 15 സെന്റ് സ്ഥലം തിരിച്ചുകിട്ടാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ജാക്സൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.