മണലും എക്കലും അടിഞ്ഞ് പെരുവണ്ണാമൂഴി അണക്കെട്ടിന്റെ ജലസംഭരണശേഷി കുറയുന്നു
text_fieldsബാലുശ്ശേരി: മണലും എക്കലും അടിഞ്ഞുകൂടി പെരുവണ്ണാമുഴി അണക്കെട്ടിന്റെ ജലസംഭരണശേഷി കുറയുന്നു. 1973ൽ നിർമിച്ച അണക്കെട്ടിന്റെ ജലസംഭരണിയിൽ അടിഞ്ഞുകൂടിയ മണലും എക്കലും സംഭരണശേഷിയെ അപകടകരമായി ബാധിച്ചിരിക്കയാണ്. ആകെ സംഭരണശേഷിയായ 123 ദശലക്ഷം മീറ്റർ ക്യുബിക്കിന്റെ 40 ശതമാനത്തോളം ജലത്തിന്റെ അളവ് കുറഞ്ഞ നിലയിലാണ്.
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി പതിനായിരത്തിലധികം ഹെക്ടർ സ്ഥലത്ത് കൃഷിക്ക് ഉപയോഗിക്കുന്ന ജലസേചന പദ്ധതിയുടെ പ്രധാന സ്രോതസ്സാണ് പെരുവണ്ണാമൂഴി അണക്കെട്ട്. കോഴിക്കോട് നഗരത്തിലും പതിനഞ്ചോളം പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതി, പെരുവണ്ണാമൂഴി ചെറുകിട വൈദ്യുതി പദ്ധതി എന്നിവയും ജൽജീവൻ പദ്ധതിയും ഇതിനെ ആശ്രയിച്ചാണുള്ളത്. വർഷങ്ങളായി ഡാമിൽ അടിഞ്ഞുകൂടിയ ലക്ഷക്കണക്കിന് ലോഡ് മണൽ നീക്കം ചെയ്താൽ സംഭരണശേഷി വർധിപ്പിക്കാം. മാത്രമല്ല, തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും പഞ്ചായത്തിന് വരുമാനം വർധിപ്പിക്കാനും കഴിയും. സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയ മണലും ചളിയും മാലിന്യവും നീക്കം ചെയ്യണമെന്ന് ശിപാർശകൾ പുറത്തുവന്നെങ്കിലും പരിസ്ഥിതി വാദികളുടെ എതിർപ്പിനെ തുടർന്നു പ്രാവർത്തികമായിട്ടില്ല.
ക്വാറി മാഫിയകൾ വരുത്തുന്ന പരിസ്ഥിതി നാശത്തെക്കാൾ എത്രയോ കുറവായിരിക്കും മണൽ വാരൽ മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
പെരുവണ്ണാമൂഴി, കക്കയം അണക്കെട്ടുകളിലെ മണൽ വാരുന്നതിനുള്ള തടസ്സം നീക്കണമെന്ന് കക്കയം മാനസ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജോൺസൺ കക്കയം അധ്യക്ഷത വഹിച്ചു. നിസാം കക്കയം, തോമസ് വെളിയംകുളം, സുനിൽ പാറപ്പുറത്ത്, തോമസ് പോക്കാട്ട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.