ബാലുശ്ശേരി ടൗണിൽ ജ്വല്ലറിയിൽ മോഷണം
text_fieldsബാലുശേരി: നഗരമധ്യത്തിലെ ജ്വല്ലറിയുടെ ഷട്ടർ തകർത്ത് മോഷണം. സ്വർണവും വെള്ളിയാഭരണങ്ങളും കടക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടു. ബാലുശ്ശേരി ടൗണിൽ ഗാന്ധി പാർക്കിനടുത്തുള്ള മഞ്ഞിലാസ് ജ്വല്ലറിയിലാണ് തിങ്കളാഴ്ച പുലർച്ച നാലുമണിയോടെ മോഷണം നടന്നത്. കാറിലെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ഷട്ടർ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് അകത്തുകടന്നത്.
വിൽപനക്കായി ബോക്സുകളിലായി സൂക്ഷിച്ച 30 കിലോ വരുന്ന വെള്ളിയാഭരണങ്ങളും 30 ഗ്രാം സ്വർണവും മേശയിൽ സൂക്ഷിച്ച മുപ്പതിനായിരം രൂപയും മോഷ്ടാക്കൾ കൊണ്ടുപോയതായി ഉടമ സി.ടി. ഫ്രാൻസിസ് പറഞ്ഞു. കാറിലെത്തിയ രണ്ടംഗ മോഷ്ടാക്കൾ കടക്കുള്ളിൽനിന്ന് വെള്ളിയാഭരണമടങ്ങിയ ബോക്സുകളും മേശവലിപ്പും പുറത്തേക്ക് കൊണ്ടുവന്ന് പ്ലാസ്റ്റിക് ചാക്കിലാക്കി കാറിൽ കയറ്റുന്ന ചിത്രങ്ങൾ സമീപത്തെ കടയിൽ സ്ഥാപിച്ച സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കോട്ടിട്ട മോഷ്ടാക്കൾ മുഖം കാണാതിരിക്കാനായി മങ്കി കാപ്പും ധരിച്ചിട്ടുണ്ട്.
കടക്കുള്ളിൽനിന്ന് പുറത്തേക്കു കൊണ്ടുവന്ന മേശവലിപ്പിലും വെള്ളിയാഭരണ ബോക്സുകളിലും മോഷ്ടാവ് വെള്ളം ഒഴിക്കുന്നതും കാമറയിൽ കാണാവുന്നതാണ്. 18 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ജ്വല്ലറി ഉടമ പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബാലുശ്ശേരി പൊലീസ് അസി. സബ് ഇൻസ്പെക്ടർ ഗിരീഷിെൻറ നേതൃത്വത്തിലെത്തിയ പൊലീസും വടകരയിൽനിന്നെത്തിയ വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ബാലുശ്ശേരിയിലെ ഡോഗ് സ്ക്വാഡും പരിശോധന നടത്തി. സന്ധ്യ റോഡിലൂടെ കുറച്ചുദൂരം ഓടിയ പൊലീസ് നായ് പിന്നെ തിരിച്ചുവരുകയായിരുന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.