ധനഞ്ജയനും ജഗദാംബികക്കും ഇത് വിശ്രമകാലം
text_fieldsബാലുശ്ശേരി: ധനഞ്ജയനും ജഗദാംബികക്കും കോവിഡ് കാലം വിശ്രമകാലം. ബാലുശ്ശേരി ചേനാട്ട് സുനിൽ കുമാറിെൻറ ഉടമസ്ഥതയിലുള്ള കൊമ്പൻ ധനഞ്ജയനും പിടിയാന ജഗദാംബികയുമാണ് ഒന്നര വർഷമായി പുറത്തിറങ്ങാതെ വീട്ടുപറമ്പിലും ആനത്തൊട്ടിലിലുമായി കഴിയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതിൽപിന്നെ ഇരുവരും പണിക്കൊന്നും പോയിട്ടില്ല.
രണ്ട് ഉത്സവ സീസൺ കടന്നുപോയെങ്കിലും എഴുന്നള്ളിപ്പിനോ മറ്റ് ആഘോഷ പരിപാടികൾക്കോ ആനച്ചന്തമൊന്നും ആർക്കും വേണ്ടായിരുന്നു. പണിയൊന്നും എടുക്കുന്നില്ലെങ്കിലും ധനഞ്ജയനും ജഗദാംബികക്കും പട്ടിണിയറിയാതെ കേമമായി തന്നെയാണ് പരിചരണം ലഭിക്കുന്നത്.
ദിവസേന 12 കിലോ അരിയുടെ ഭക്ഷണവും ആവശ്യത്തിനുള്ള മരുന്നും യഥേഷ്ടം പനമ്പട്ടയും ലഭിക്കുന്നതു കൊണ്ട് അല്ലലില്ലാതെയാണ് ഇരുവരുടെയും ജീവിതം. പരിചരണത്തിനായി അഞ്ചു പാപ്പാന്മാരുണ്ട്. മാസം തോറും 75,000 രൂപയാണ് ഉടമ സുനിൽകുമാറിന് ഇതിനായി ചെലവാേക്കണ്ടി വരുന്നത്.
പനമ്പട്ട മാത്രമാണ് സൗജന്യമായി കിട്ടുന്നത്. കർക്കടകത്തിലെ മരുന്നു ചികിത്സയാണ് മറ്റൊരു ചെലവ്. കോവിഡ് മഹാമാരി കാലത്ത് ആശ്വാസമായി സർക്കാർ ഒട്ടേറെ സഹായങ്ങളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെങ്കിലും നാട്ടാന പരിപാലനത്തിനായി കാര്യമായ ഒന്നും ലഭിക്കുന്നില്ല.
ആന റേഷനെങ്കിലും മുടങ്ങാതെ കിട്ടിയാൽ തന്നെ വലിയ ആശ്വാസമായിരിക്കുമെന്നാണ് സുനിൽകുമാർ പറയുന്നത്. മൂന്ന് ആനകൾ ഉണ്ടായിരുന്നതിൽ വിഷ്ണു എന്ന കൊമ്പൻ കോവിഡ് വ്യാപനത്തിനു മുമ്പാണ് െചരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.