കക്കയത്ത് കാട്ടുപോത്തിനൊപ്പം കടുവാ ഭീഷണിയും; പ്രദേശവാസികൾ ആശങ്കയിൽ
text_fieldsബാലുശ്ശേരി: കക്കയം ഡാം സൈറ്റിൽ കാട്ടുപോത്തിന്റെ ഭീഷണിക്കൊപ്പം കടുവാ ഭീഷണിയും; പ്രദേശവാസികൾ ആശങ്കയിൽ. കർഷകനെ കൊലപ്പെടുത്തിയ കാട്ടുപോത്തിന്റെ ഭീഷണി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം കടുവയെ കണ്ടെന്ന വാർത്തയും നാട്ടുകാർക്കിടയിൽ ആശങ്ക പടർത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ കെ.എസ്.ഇ.ബി സ്റ്റാഫാണ് ഡാം സൈറ്റിലെ ഇക്കോ ടൂറിസം കൗണ്ടറിന് സമീപത്തായി കടുവയെ കണ്ടത്.
കഴിഞ്ഞവർഷം കക്കയം ഡാമിനു സമീപം കടുവയെ കണ്ടതായി ജീവനക്കാർ പറഞ്ഞിരുന്നു. എന്നാൽ, ദൂരെനിന്നുള്ള കാഴ്ചയായതിനാൽ കടുവയാണെന്ന് വ്യക്തമായിരുന്നില്ല. ഏതാനും മാസങ്ങൾക്കുമുമ്പ് ഹൈഡൽ ടൂറിസം ബോട്ടുയാത്രയിൽ സഞ്ചാരികൾ പുള്ളിപ്പുലിയെ കണ്ടിരുന്നു. കടുവയെ കണ്ടെന്ന വാർത്ത ഡാം സൈറ്റിലെ ജീവനക്കാരിലും ഡാംസൈറ്റിന് താഴെയുള്ള പ്രദേശവാസികളിലും ഭീതി ഉയർത്തിയിട്ടുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് - പൊലീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച കക്കയം ഡാം റോഡിൽ കക്കയം വാലിയിൽ പകൽ സമയത്ത് കാട്ടുപോത്തിൻ കൂട്ടം ഇറങ്ങി ഭീതിപരത്തിയിരുന്നു. കക്കയം വാലിക്ക് താഴെയായാണ് കർഷകനായ പാലാട്ടിയിൽ അബ്രഹാമിനെ കഴിഞ്ഞ 5ന് കാട്ടുപോത്ത് ആക്രമിച്ച് കൊലപ്പെടുത്തിയത്.
അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവുണ്ടായിട്ടും വനം വകുപ്പധികൃതർക്ക് കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാട്ടുപോത്തുകളെ വനത്തിനുള്ളിലേക്ക് തുരത്തിയെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും കാട്ടുപോത്തുകൾ വീണ്ടും ഡാംസൈറ്റ് റോഡിൽ ഇറങ്ങിയതിൽ നാട്ടുകാർ പ്രതിഷേധമുയർത്തിയിട്ടുണ്ട്. കർഷകർക്ക് തങ്ങളുടെ കൃഷിഭൂമിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
റബർ ടാപ്പിങ് തൊഴിലാളികൾക്കും കാട്ടുപോത്തിന്റെ ആക്രമം ഭയന്ന് ജോലിക്ക് പോകാൻ കഴിയുന്നില്ല. കാട്ടുപോത്തിന്റെ ഭീഷണി നിലനിൽക്കവെയാണ് കഴിഞ്ഞദിവസം കടുവയെ കണ്ട വാർത്തയും പുറത്തുവന്നിട്ടുള്ളത്. ഡാംസൈറ്റിന് താഴെയായി അമ്പലക്കുന്ന് ആദിവാസി കോളനിയും പ്രദേശവാസികളുടെ നിരവധി വീടുകളുമുണ്ട്. കക്കയം അങ്ങാടിക്കടുത്തും കെ.എസ്.ഇ.ബി കോളനി പരിസരത്തും പ്രധാന കാട്ടാനകളുടെ ഭീഷണിയും ഏറെക്കാലമായി തുടരുന്നുണ്ട്. ഡാം സൈറ്റിലെ ഹൈഡൽ ടൂറിസം സെന്റർ, വനം വകുപ്പ് ഇക്കോ ടൂറിസം സെന്റർ എന്നിവ കാട്ടുപോത്തിന്റെ ഭീഷണിയെതുടർന്ന് കഴിഞ്ഞ 6 മുതൽ അടച്ചിട്ടിരിക്കയാണ്.
മലബാർ വന്യജീവി സങ്കേതത്തിന്റെ പ്രധാന കേന്ദ്രം കൂടിയായ കക്കയംവനത്തിൽ ആന, കാട്ടുപോത്ത്, മാൻ, മ്ലാവ് തുടങ്ങിയ വന്യമൃഗങ്ങൾ യഥേഷ്ടമുണ്ട്. കടുവയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യവും ഉറപ്പായതോടെ പ്രദേശവാസികളുടെ സുരക്ഷ കണക്കിലെടുത്ത് വനംവകുപ്പ് ട്രഞ്ച്, വൈദ്യുതി കമ്പിവേലികൾ തുടങ്ങിയ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.