തലയാട് പടിക്കൽ വയലിൽ കടുവയെ കണ്ടതായി യുവാവ്
text_fieldsബാലുശ്ശേരി: തലയാട് പടിക്കൽ വയലിൽ കടുവയെ വീണ്ടും നേരിട്ടു കണ്ടതായി യുവാവ്. നാട്ടുകാർ വീണ്ടും ആശങ്കയിൽ. വെള്ളിയാഴ്ച അർധരാത്രിയോടെ പ്രദേശവാസിയായ സഹദാണ് കടുവയെ കണ്ടതായി അറിയിച്ചത്. താമരശ്ശേരിയിലെ തുണിക്കടയിലെ ജീവനക്കാരനായ സഹദ് സുഹൃത്തിനെ വീട്ടിലിറക്കി ബൈക്കിൽ തിരിച്ചുവരവേ പടിക്കൽവയൽ തൂവ്വക്കടവ് പാലത്തിന് സമീപംവെച്ചാണ് കടുവയെ കണ്ടതായി പറയുന്നത്.
ബൈക്കിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ കടുവയെ വ്യക്തമായി കണ്ടതായി സഹദ് പറയുന്നു. കടുവയാണെന്നറിഞ്ഞതോടെ ഭയപ്പെട്ട് ബൈക്ക് തിരിച്ച് തൊട്ടടുത്തുള്ള അബ്ദുറഹ്മാന്റെ വീട്ടിലേക്ക് കയറി നിൽക്കുകയായിരുന്നു. ഏറെ സമയം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്. കടുവ എങ്ങോട്ടാണ് നീങ്ങിയതെന്ന് അറിയാൻ കഴിഞ്ഞില്ലെന്നും സഹദ് പറഞ്ഞു. താമരശ്ശേരി വനം വകുപ്പ് ഓഫിസിൽ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ശനിയാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടേതെന്ന് സംശയിക്കുന്ന വ്യക്തമല്ലാത്ത കാൽപാടുകൾ കണ്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മഴ പെയ്തതിനാൽ കാൽപാടുകൾ ഭാഗികമായി മാഞ്ഞുപോയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച തലയാട് ചെമ്പുക്കര പുല്ലുമലയിൽ കടുവയുടെ സാന്നിധ്യം കണ്ടതായി പ്രദേശവാസിയായ അധ്യാപകൻ ജോസിൽ പി. ജോൺ അറിയിച്ചിരുന്നു. ഇതേ തുടർന്ന് പുല്ലുമല റബർ തോട്ടത്തിൽ വനം വകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിരുന്നു. കാമറ വ്യാഴാഴ്ചയാണ് എടുത്തുമാറ്റിയത്. കാമറയിൽ കാട്ടുപന്നിയുടെ ചിത്രം മാത്രമാണ് പതിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.