ബസ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യ പ്രശ്നം; ബയോ ഡൈജസ്റ്റർ ടാങ്ക് സ്ഥാപിക്കും
text_fieldsബാലുശ്ശേരി: ബയോ ഡൈജസ്റ്റർ ടാങ്ക് സ്ഥാപിച്ച് ബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശുചിമുറി മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിലാണ് പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പ്രശ്നപരിഹാരം സാധ്യമാക്കാൻ നടപടി തുടങ്ങിയത്.
ബസ് സ്റ്റാൻഡിൽ നിലവിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മലിനജലം തൊട്ടടുത്തുള്ള സ്വാക്പിറ്റ് വഴി പുറത്തേക്ക് വരുന്ന സാഹചര്യമുണ്ടായി. വിദഗ്ധ പരിശോധനയിൽ മാലിന്യം ലയിക്കുന്ന ഘടനയല്ല നിലവിലെ സ്വാക്പിറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ മണ്ണിനുള്ളതെന്ന് മനസ്സിലായിട്ടുണ്ട്.
മലിനജലത്തിന്റെ നിലവാരം പ്രകൃതിക്ക് ഹാനികരമാണെന്നതിനാൽ ഇതിനു പരിഹാരമെന്നോണം മാലിന്യത്തിന്റെ തോത് കുറച്ചുകൊണ്ട് പ്രകൃതിക്കും മനുഷ്യനും ദോഷമില്ലാത്ത വിധത്തിൽ മാലിന്യം ബയോ ഡൈജസ്റ്റർ ടാങ്കിലൂടെ സംസ്കരിച്ച് പരിഹാരം കണ്ടെത്താനാണ് തീരുമാനം.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിളിച്ചുചേർത്ത യോഗത്തിൽ ഊരാളുങ്കൽ സൊസൈറ്റി അധികൃതരും പഞ്ചായത്ത് അസി. എൻജിനീയറും എം.എൽ.എയുടെ പ്രതിനിധിയും പങ്കെടുത്തു. മാലിന്യ പ്രശ്നം കാരണം ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചിട്ടതിനെ തുടർന്ന് യാത്രക്കാർ പ്രാഥമിക കൃത്യങ്ങൾക്കായി ദുരിതമനുഭവിക്കുന്ന അവസ്ഥയിലായിരുന്നു.
ഇതിനെതിരെ ഒട്ടേറെ പ്രതിഷേധ സമരങ്ങളും നടക്കുകയുണ്ടായി. ബസ് സ്റ്റാൻഡ് ശൗചാലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സർവോദയം ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകനായ കുന്നോത്ത് മനോജ് തിങ്കളാഴ്ച ആരംഭിച്ച 50 മണിക്കൂർ പ്രതിഷേധ സത്യഗ്രഹം ഇന്നലെ ഉച്ചയോടെ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.