കക്കയം ഡാം സൈറ്റ് റോഡിലൂടെ യാത്ര ദുഷ്കരം
text_fieldsബാലുശ്ശേരി: കക്കയം ഡാം സെറ്റ് റോഡിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയത്തേക്ക് ദിനംപ്രതിയെന്നോണം നിരവധി സഞ്ചാരികളാണ് വന്നുപോകുന്നത്. എന്നാൽ, ഡാമിലേക്കുള്ള റോഡിൽ മരം വീണും മഴയിൽ റോഡ് കുത്തിയൊലിച്ച് തകർന്നും ഗതാഗതസ്തംഭനം നിത്യസംഭവമാണ്. വീതികുറഞ്ഞ റോഡിന്റെ ഇരുഭാഗങ്ങളിലും ചാഞ്ഞു കിടക്കുന്ന മരങ്ങൾ പലപ്പോഴും കടപുഴകി റോഡിലേക്കാണ് വീഴുന്നത്. കഴിഞ്ഞദിവസം റോഡിലേക്ക് മരം വീണതിനാൽ വിനോദ സഞ്ചാരികളുമായി വന്ന ബസും മറ്റു വാഹനങ്ങളും മണിക്കൂറുകളോളമാണ് റോഡിൽ കുടുങ്ങിയത്.
ഇരു ഭാഗങ്ങളിലും കാട്ടുവള്ളിച്ചെടികൾ വളർന്നു റോഡ് കാണാൻ പറ്റാത്ത അവസ്ഥയുണ്ട്. കഴിഞ്ഞ വർഷത്തെ ശക്തമായ മഴയിൽ കക്കയം വാലിയിൽ റോഡ് ഒലിച്ചുപോയിരുന്നു. കല്ലിട്ടുയർത്തി നന്നാക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കക്കയം അങ്ങാടിയിൽനിന്ന് 13 കിലോമീറ്ററോളം വനത്തിലൂടെ ഹെയർപിൻ വളവുകളടക്കം താണ്ടി വേണം കക്കയം ഡാമിലെത്താൻ. വിനോദസഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്ന ഡാം സൈറ്റ് പ്രദേശത്ത് ഹൈഡൽ ടൂറിസത്തിന്റെ ബോട്ട് സർവിസുണ്ട്. തേക്കടിയെപ്പോലെ ഡാമിലൂടെയുള്ള യാത്രയിൽ ഇരുകരകളിലും വനപ്രദേശത്ത് കാട്ടാനയും കാട്ടുപോത്തും മാനും മ്ലാവുമുണ്ട്.
കഴിഞ്ഞ മാസം ബോട്ടുയാത്രക്കിടെ സഞ്ചാരികൾ പുലിയെ കണ്ടു. ഡാം സൈറ്റിനടുത്തുള്ള ഉരക്കുഴി വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ഹൃദ്യമാണ്. മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായതിനാൽ ഇവിടെ കാട്ടാനയും കാട്ടുപോത്തു മടക്കമുള്ള വന്യജീവികളെയും കാണാൻ കഴിയും. ഡാം സൈറ്റ് റോഡിൽ കാട്ടുപോത്തിൻകൂട്ടം ഇറങ്ങുന്നതും പതിവ് കാഴ്ചയാണ്. റോഡരികിലെ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിനും കാഴ്ച മറക്കുന്ന കാട്ടുവള്ളികൾ വെട്ടിമാറ്റുന്നതിനും വനം വകുപ്പും വൈദ്യുതി ബോർഡും അടിയന്തരശ്രദ്ധ പതിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എസ്റ്റേറ്റ് മുക്ക്-കക്കയം ഡാം സൈറ്റ് റോഡ് വീതി കൂട്ടി നവീകരിക്കുന്നതിനായി കിഫ്ബിയിൽനിന്ന് തുക അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വീതി കുറഞ്ഞ തെച്ചിപ്പാലം പുതുക്കിപ്പണിയുകയും തലയാട് പാലം പുതുക്കിപ്പണിയാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.